പ്രസവാവധി നീട്ടാനുള്ള തീരുമാനം: ജോലി നഷ്ടപ്പെടുത്തുമെന്ന് സര്‍വെ ഫലം

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റവും കടന്നുവരവും ലക്ഷ്യം വച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സര്‍വെ ഫലം
പ്രസവാവധി നീട്ടാനുള്ള തീരുമാനം: ജോലി നഷ്ടപ്പെടുത്തുമെന്ന് സര്‍വെ ഫലം

ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റവും കടന്നുവരവും ലക്ഷ്യം വച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സര്‍വെ ഫലം. സ്ത്രീകളുടെ പ്രസവാവധിയുടെ ദൈര്‍ഘ്യം നീട്ടിക്കൊണ്ടുള്ളതാണ് പുതിയ നിയമം . കാനഡ , നോര്‍വെ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഏറ്റവും മികച്ച സ്ത്രീ പുരോഗമന തൊഴില്‍മേഖല ഇന്ത്യയായിരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. എന്നാല്‍ നിയമം സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് ടീം ലീസ് സര്‍വീസസിന്റെ സര്‍വെ ഫലം വ്യക്തമാക്കുന്നത്. 

ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്റ്റാര്‍ട്ട് അപ്പുകളും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിയാന്‍ ഈ നിയമം കാരണമാകും. 2019 മാര്‍ച്ച് ആകുമ്പോഴേക്കും പത്തോളം തൊഴില്‍ മേഖലകളില്‍ 1.1 ദശലക്ഷം മുതല്‍ 1.8 ദശലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. ഇന്ത്യ പോലൊരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല വാര്‍ത്തയല്ല.പല മേഖലകളിലെയും തൊഴില്‍ ശക്തി കുറയാന്‍ ഇത് കാരണമാകും. എത്ര പുരോഗമനം വാദിച്ചാലും ഇപ്പോഴും സ്ത്രീകള്‍ മികച്ച തൊഴില്‍ നേടുന്നതിന് സമൂഹം വിലക്ക് കല്‍പ്പിക്കുന്നുണ്ട്. സമ്പന്ന കുടുംബങ്ങളിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നവരല്ല. പ്രായമായ കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി പല സ്ത്രീകളും തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.വീട്ടിലെ പുരുഷന്റെ വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മാത്രമാണ് രാജ്യത്ത് ഭൂരിഭാഗം സ്ത്രീകളും തൊഴില്‍ തേടുന്നത്.

ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നത് പ്രോല്‍സാഹിപ്പിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സംഘടിത മേഖലയിലെ  പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി കൂട്ടിയത്. അതും ശമ്പളത്തോടുകൂടി. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഒരു സ്ഥാപനത്തിലെ അഞ്ചില്‍ രണ്ട് സ്ത്രീ തൊഴിലാളികള്‍ പ്രസവാവധിയില്‍ പ്രവേശിച്ചാല്‍ സ്ഥാപനം നിര്‍ത്തേണ്ടി വരുമെന്നാണ് പല തൊഴില്‍ദാതാക്കളും പറയുന്നത്. മറ്റ് രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനായുള്ള സഹായം ലഭിക്കുമെന്നും എന്നാല്‍ ഇവിടെ അതില്ലെന്നും ഇവര്‍ പറയുന്നു. എന്തായാലും നിയമം സ്ത്രീകള്‍ക്ക് ദോഷകരമായി മാത്രമേ ബാധിക്കൂവെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com