ജെയ്റ്റലിക്ക് മുന്‍പിലും മാപ്പപേക്ഷയുമായി കെജ്രിവാള്‍; മാപ്പുപറഞ്ഞാല്‍ തീരില്ലെന്ന് ജെയ്റ്റലി 

 മാപ്പപേക്ഷ നല്‍കി വിവിധ മാനനഷ്ടക്കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.
ജെയ്റ്റലിക്ക് മുന്‍പിലും മാപ്പപേക്ഷയുമായി കെജ്രിവാള്‍; മാപ്പുപറഞ്ഞാല്‍ തീരില്ലെന്ന് ജെയ്റ്റലി 

ന്യൂഡല്‍ഹി:  മാപ്പപേക്ഷ നല്‍കി വിവിധ മാനനഷ്ടക്കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയില്‍ നില്‍ക്കവേ, കേസിന് ആധാരമായ ആരോപണം പിന്‍വലിച്ചതായുളള അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അരുണ്‍ ജെയ്റ്റലി തളളി. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ അരുണ്‍ ജെയ്റ്റലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന്് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം നിരുപാധികം പിന്‍വലിച്ചതായി കാണിച്ച് ദൂതന്‍ വഴി നല്‍കിയ മാപ്പപേക്ഷ അരുണ്‍ ജെയ്റ്റലി തളളിയെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ പുറത്ത് ഉളള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാട് അരുണ്‍ ജെയ്റ്റലി സ്വീകരിച്ചതായാണ് അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.  

നേരത്തെ നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. കോടതി നടപടി ഒഴിവാക്കാനാണ് കെജ്രിവാള്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് നിതിന്‍ ഗഡ്കരി എന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

തുടര്‍ന്ന് ഗഡ്കരി മാനനഷ്ടകേസ് നല്‍കുകയായിരുന്നു. ഇതില്‍ കോടതി നടപടി ഒഴിവാക്കാനാണ് നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരിക്കുന്നത്. എനിക്ക് വ്യക്തിപരമായി നിങ്ങളോട് യാതൊരു വിധത്തിലുള്ള ശത്രുതയും ഇല്ല. പറഞ്ഞ കാര്യങ്ങളില്‍ പശ്ചാത്തപിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്റെ ക്ഷമാപണത്തെ തുടര്‍ന്ന് ഗഡ്കരി നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന് പട്യാല ഹൗസ് കോടതിയില്‍ ഇരുവരും ചേര്‍ന്ന് സംയുക്ത ഹര്‍ജി നല്‍കി.  ഇതിന് പിന്നാലെയാണ് അരുണ്‍ ജെയ്റ്റലിയോടും കെജ്രിവാള്‍ മാപ്പ് പറഞ്ഞത്. എന്നാല്‍ ഇത് ജെയ്റ്റ്‌ലി തളളിയത് കെജ്രിവാളിന് തിരിച്ചടിയായി.

ക്രിമിനല്‍ അപകീര്‍ത്തികേസിന് പുറമേ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിനെതിരെ അരുണ്‍ ജെയ്റ്റലി സിവില്‍ കേസും നല്‍കിയിട്ടുണ്ട്. 

2014ല്‍ ആണ് ഗഡ്കരിയെക്കുറിച്ച് കെജ്രിവാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഗഡ്കരി കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.

മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീദിയക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ നേരത്തെ കെജ്രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ എഎപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com