പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മുറിയില്‍ ദേഹപരിശോധന; മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍

മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള ആരോഗ്യ പരിശോധന വീണ്ടും വിവാദത്തില്‍
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മുറിയില്‍ ദേഹപരിശോധന; മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍

ബിന്ദ്: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള ആരോഗ്യ പരിശോധന വീണ്ടും വിവാദത്തില്‍. പൊലീസ് റിക്രൂട്ട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ ജാതി അടയാളപ്പെടുത്തിയതിന് പിന്നാലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ റൂമില്‍ പരിശോധന നടത്തി. ബിന്ദിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. പുരുഷന്‍മാരും സ്ത്രീകളും ഒരേ റൂമില്‍ വൈ്ദ്യപരിശോധനയ്ക്ക് വിധേയരാകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

സ്ത്രീ ഡോക്ടര്‍മാരില്ലാതെയാണ് വനിതകള്‍ക്ക് പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സാമിനേഷന്‍ കമ്മിറ്റിയിലുള്ള എല്ലാവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ബിന്ദ് സിവില്‍ സര്‍ജന്‍ അജിത് മിശ്ര പറഞ്ഞു. 

ആശുപത്രിയില്‍ നാല് വനിത ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ നാലുപേരും അവധിയിലായിരുന്നുവെന്നും മെഡിക്കല്‍ ടെസ്റ്റിനായി ഇപ്പോള്‍ ഒരു വനിത ഡോക്ടറേയും നഴ്‌സിനേയും നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ ജാതി എഴുതിച്ചേര്‍ത്തത് വിവാദമായിരുന്നു. പട്ടികജാതി,പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത്. 

പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയരത്തിലും നെഞ്ചളവിലും സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടായെതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതിന് എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാതി അടയാളപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. പട്ടികജാതിവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ടിയും ഇടകലരാതിരിക്കാന്‍ വേണ്ടിയുമാണ് ഇത് ചെയ്തത്. എന്നാല്‍ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതിവര്‍ഗ നിയമപ്രകാരം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com