ജിന്ന വിവാദം; അലിഗഡില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്
ജിന്ന വിവാദം; അലിഗഡില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ലഖ്‌നോ: അലിഗഡ് സര്‍വകലാശാലയിലെ ജിന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ജില്ലാ ഭരണകൂടം. സംഭവം വിവാദമാകുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. 

മുഹമ്മദലി ജിന്നയുടെ ചിത്രം 48 മണിക്കൂറിനുള്ളില്‍ സര്‍വകലാശാലയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമി പറഞ്ഞിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് പിറകിലുള്ളവര്‍ യാതൊരു തരത്തിലുള്ള ബഹുമാനവും അര്‍ഹിക്കുന്നില്ലെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്‌. ഇന്ത്യയെ വിഭജിച്ച നേതാവിന്റെ ചിത്രം കാമ്പസില്‍ നിന്നും എടുത്തുമാറ്റണമെന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. റാലി സംഘര്‍മായതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ നടത്തിയിരുന്നു.  

കാമ്പസിലെ ചിത്രത്തിനെതിരെ ബിജെപി എംപി സതീഷ്  രംഗത്തെത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമായത്.  ഇതിനെ തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുകയും അത് അക്രമാസക്തമാകുകയും ചെയ്തിരുന്നു. അതിനിടെ, ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ജിന്നയുടെ സംഭാവനകളെ കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞത് ബിജെപിയെ വെട്ടിലാക്കി. എന്നാല്‍, ബി.ജെ.പി നേതൃത്വം ഇക്കാര്യം നിഷേധിച്ച് പിന്നീട് രംഗത്തെത്തി. 

അതേസമയം ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന്  ആജീവനാന്ത അംഗത്വം നല്‍കിയിരുന്നു. ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നാണ് സര്‍വകലാശാലയുടെ നി്‌ലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com