മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മോദിയുടെ പ്രസംഗങ്ങള്‍ താക്കീത് ചെയ്യണം; രാഷ്ട്രപതിക്ക് മന്‍മോഹന്‍ സിങിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റുള്ളവരെ അപമാനിക്കുന്ന പ്രസംഗ രീതിയെ താക്കീത് ചെയ്യണമെന്ന് രാഷ്ട്രപതിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കത്ത്
മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മോദിയുടെ പ്രസംഗങ്ങള്‍ താക്കീത് ചെയ്യണം; രാഷ്ട്രപതിക്ക് മന്‍മോഹന്‍ സിങിന്റെ കത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റുള്ളവരെ അപമാനിക്കുന്ന പ്രസംഗ രീതിയെ താക്കീത് ചെയ്യണമെന്ന് രാഷ്ട്രപതിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കത്ത്. നീതീകരിക്കാന്‍ കഴിയാതെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന മോദിയുടെ പ്രസംഗങ്ങള്‍ താക്കീത് ചെയ്യണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ മോദി നടത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മന്‍മോഹന്‍ സിങും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോദി പലതരത്തിലുള്ള ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നടത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ മന്‍മോഹന്‍ സിങ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസംഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ മോദി നടത്തിയ പ്രസംഗങ്ങളും വിവാദമായിരുന്നു. നെഹ്‌റു ഭഗത് സിങിന് എതിരായിരുന്നുവെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാരും തന്നെ ഭഗത് സിങിന് കാണാന്‍ പോയില്ല എന്നുമായിരുന്നു മോദിയുടെ പ്രസംഗം. 

1948 ല്‍ ഇന്ത്യ-പാക് യുദ്ധം ജയിച്ച ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ അധിക്ഷേപിച്ചതായി മോദി പറഞ്ഞിരുന്നു. 1957 ല്‍ മാത്രം പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ട കൃഷ്ണമേനോന്‍  1948 ല്‍ സൈനിക മേധാവികളെ അധിക്ഷേപിച്ചതെങ്ങിനെയാണെന്ന് അന്നുതന്നെ ചോദ്യമുയര്‍ന്നിരുന്നു. 

നെഹ്‌റു കുടുംബത്തിനെതിരെ പ്രചാരണം നയിക്കുന്നതിന്റെ ഭാഗമായാണ് മോദി ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ സൈന്യത്തെയും സൈനിക ഉദ്യോഗസ്ഥരെയും അപഹസിക്കുന്ന രീതിയിലുള്ളതാണ്. ജനറല്‍ കരിയപ്പയും തിമ്മയ്യയും 1948ലെ ഇന്ത്യ പാക് യുദ്ധത്തില് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സൈനിക മേധാവികളെ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്നാണ് മോദി പറഞ്ഞത്. കര്‍ണാടകയുടെ വീരപുത്രന്മാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ, ജനറല്‍ തിമ്മയ്യ തുടങ്ങിയവരെ കോണ്‍ഗ്രസ് അപമാനിച്ച സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ പരമാര്‍ശങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഈ പ്രചാരണങ്ങളെ എതിര്‍ത്ത് രംഗത്ത് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com