അന്ന് 106 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന യെദ്യൂരപ്പയെ ബൊപ്പയ്യ രക്ഷിച്ചത് ഇങ്ങനെ

അന്ന് 106 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന യെദ്യൂരപ്പയെ ബൊപ്പയ്യ രക്ഷിച്ചത് ഇങ്ങനെ
അന്ന് 106 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന യെദ്യൂരപ്പയെ ബൊപ്പയ്യ രക്ഷിച്ചത് ഇങ്ങനെ

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിനു തൊട്ടു മുമ്പ് പതിനൊന്നു വിമത ബിജെപി എംഎല്‍എമാരെയും അഞ്ച് സ്വതന്ത്രരെയും ഒരു ന്യായീകരണവുമില്ലാതെ അയോഗ്യരാക്കി യെദ്യൂരപ്പ സര്‍ക്കാരിനെ രക്ഷിച്ചയാളാണ്, കര്‍ണാടകയില്‍ പ്രോടെം സ്പീക്കറായി നിയമിക്കപ്പെട്ട വിരാജ്‌പേട്ട എംഎല്‍എ കെജി ബൊപ്പയ്യ. യെദ്യൂരപ്പയുടെ വലംകൈ ആയി അറിയപ്പെടുന്ന ബൊപ്പയ്യയുടെ നടപടി അന്നു സുപ്രിം കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു.

ഖനി കുംഭകോണത്തിന്റെ ചൂടില്‍ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ വിയര്‍ത്തൊലിച്ചുനില്‍ക്കുന്ന സമയമായിരുന്നു അത്. യെദ്യൂരപ്പയ്‌ക്കെതിരെ കലാപക്കൊടിയുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നു. ഭരണത്തെ പിന്തുണച്ചിരുന്ന സ്വതന്ത്രരും ഇവര്‍ക്കൊപ്പം കൂടി. അന്ന് യെദ്യൂരപ്പയോട് സഭയില്‍ വിശ്വാസവോട്ടു തേടാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു.

വിശ്വാസ വോട്ടിനു തൊട്ടു മുമ്പായി പതിനൊന്നു വിമതരെയും അഞ്ചു സ്വതന്ത്രരെയുമാണ് സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയത്. ബാലചന്ദ്ര ജര്‍ക്കിഹോളി, ബേലൂര്‍ ഗോപാലകൃഷ്ണ, ആനന്ദ് അസ്‌നോതികര്‍, ഡോ. സാര്‍വഭൗമ ബാഗ്ലി, വി നാഗരാജു, രാജേ കാഗേ, വൈ സാംപാഗ്നി, നഞ്ചുണ്ടസ്വാമി, എസ്‌കെ ബെല്ലുബ്ബി, എച്ച്എസ് ശങ്കര ലിംഗഗൗഡ, ശിവനഗൗഡ നായിക്ക് തുടങ്ങിയവരാണ് അന്ന് അയോഗ്യരാക്കപ്പെട്ടത്. മുന്‍ മന്ത്രിമാരായിരുന്ന വെങ്കടരമണപ്പ, ശിവരാജ് തംഗഗഡി, ഗൂലിഹട്ടി ശേഖര്‍, എംപി നരേന്ദ്രസ്വാമി എ്‌നിവരും അയോഗ്യരാക്കപ്പെട്ടു. 

ഇത്രയും പേരെ അയോഗ്യരാക്കിയതിലൂടെ 224 അംഗ സഭയുടെ അംഗബലം ഒറ്റയടിക്ക് 208ലേക്കു കുറച്ചുകൊണ്ടുവരികയാണ് ബൊപ്പയ്യ ചെയ്തത്. വിമതര്‍ അയോഗ്യരായതോടെ ബിജെപിയുടെ അംഗബലം 117ല്‍നിന്ന് 106ലേക്കു കുറഞ്ഞെങ്കിലും പ്രതിപക്ഷത്ത് അന്ന് 101 പേരേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന് 73ഉം ജെഡിഎസിന് 28ഉം. 

വിമതരെ അയോഗ്യരാക്കണമെന്ന യെദ്യൂരപ്പയുടെ അപേക്ഷയില്‍ ധൃതിപിടിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തത് എന്നാണ് അന്നു സ്ുപ്രിം കോടതി കുറ്റപ്പെടുത്തിയത്. 2010 ഒക്ടോബര്‍ 12ന് വിശ്വാസവോട്ടു നടക്കാനിരിക്കെ ഒക്ടോബര്‍ പത്തിനായിരുന്നു ബൊപ്പയുടെ അയോഗ്യരാക്കല്‍. വിശ്വാസവോട്ടില്‍ ഇവര്‍ പങ്കെടുക്കാതിരിക്കുക എന്നതു തന്നെയായിരുന്നു സ്പീക്കറുടെ ലക്ഷ്യമെന്ന് വ്യക്തമാണെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തിയിരുന്നു.

ഇത്തവണ യെദ്യൂരപ്പ സുപ്രിം കോടതി നിര്‍ദേശപ്രകാരം വിശ്വാസവോട്ടു തേടുന്നതിനു തൊട്ടു മുമ്പാണ് ബൊപ്പയ്യ പ്രോടെം സ്പീക്കറായി നിയമിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ആര്‍വി ദേശ്പാണ്ഡെ, ബിജെപിയിലെ തന്നെ വിശ്വനാഥ് കാട്ടി എന്നിവരെ മറികടന്നാണ് ഗവര്‍ണര്‍ വാജുഭായ് വാല ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. ഇതു ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com