പ്രോടെം സ്പീക്കര്‍: മുതിര്‍ന്ന അംഗത്തെ നിയമിക്കണമെന്ന് നിര്‍ബന്ധമില്ല, കോണ്‍ഗ്രസ് ഹര്‍ജി ഫലം ചെയ്യില്ലെന്ന് നിയമ വിദഗ്ധര്‍

പ്രോടെം സ്പീക്കര്‍: മുതിര്‍ന്ന അംഗത്തെ നിയമിക്കണമെന്ന് നിര്‍ബന്ധമില്ല, കോണ്‍ഗ്രസ് ഹര്‍ജി ഫലം ചെയ്യില്ലെന്ന് നിയമ വിദഗ്ധര്‍
പ്രോടെം സ്പീക്കര്‍: മുതിര്‍ന്ന അംഗത്തെ നിയമിക്കണമെന്ന് നിര്‍ബന്ധമില്ല, കോണ്‍ഗ്രസ് ഹര്‍ജി ഫലം ചെയ്യില്ലെന്ന് നിയമ വിദഗ്ധര്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി അംഗം കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കാനുള്ള സാധ്യത കുറവെന്ന് നിയമ വിദഗ്ധര്‍. മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിച്ച് ഗവര്‍ണറാണ് പ്രോടെം സ്പീക്കറെ നിയമിക്കുന്നത്. മുതിര്‍ന്ന അംഗത്തെ നിയമിക്കുന്നതാണ് കീഴ്‌വഴക്കമെങ്കിലും ഭരണഘടനയില്‍ ഇതിനു വ്യവസ്ഥയില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭയിലും നിയമസഭയിലും സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പകരം ചുമതല വഹിക്കാന്‍ രാഷ്ട്രപതിയോ ഗവര്‍ണറോ നിയമിക്കുന്ന സഭാംഗമാണു പ്രോടെം സ്പീക്കര്‍. ഇങ്ങനെ നിയമിക്കുന്ന അംഗത്തെ രാഷ്ട്രപതിയോ ഗവര്‍ണറോ ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കും. തുടര്‍ന്ന് പ്രോടെം സ്പീക്കറായി നിയമിക്കും. 

ഭരണഘടന 95 (1), 180 (1) അനുസരിച്ചു രാഷ്ട്രപതി / ഗവര്‍ണര്‍ ആണു നിയമിക്കുന്നതെങ്കിലും മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരമാണിത്. പ്രോടെം സ്പീക്കര്‍ക്ക് സ്പീക്കറുടെ എല്ലാ അധികാരങ്ങളുമുണ്ട്. പുതിയ സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിക്കുക, സ്പീക്കര്‍ തിരഞ്ഞെടുപ്പു നടത്തുക തുടങ്ങിയവയാണു ചുമതലകള്‍. സ്പീക്കറെ തിരഞ്ഞെടുത്താലുടന്‍ സ്ഥാനം ഇല്ലാതാകും.

മുതിര്‍ന്ന അംഗത്തെ നിയമിക്കുക എന്നതാണ് കീഴ് വഴക്കമെങ്കിലും അങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ഭരണകക്ഷിയുടെ താത്പര്യം തന്നെയാണ് ഫലത്തില്‍ പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ പ്രതിഫലിക്കാറുള്ളത്. കൂടുതല്‍ അനുഭവ സമ്പത്തുള്ള അംഗത്തെ നിയമിക്കണമെന്നത് നിയമപരമായ ബാധ്യതയല്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com