തൂത്തുക്കുടി വെടിവയ്പ്പ്; മരണം 11, കൊല്ലപ്പെട്ടവരില്‍ സ്ത്രീയും പൊലീസുകാരനും 

പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് വളപ്പിലേക്ക് കടന്നതോടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു
തൂത്തുക്കുടി വെടിവയ്പ്പ്; മരണം 11, കൊല്ലപ്പെട്ടവരില്‍ സ്ത്രീയും പൊലീസുകാരനും 

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് സമരക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു. 

ഭൂഗര്‍ഭ ജലം മലിനമാക്കുന്നു എന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വേദാന്തയുടെ സെറ്റര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു മാസമായി പ്രദേശവാസികള്‍ പ്രതിഷേധ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ 25 വര്‍ഷത്തെ ലൈസന്‍സ് പുതുക്കാന്‍ കമ്പനി തീരുമാനിച്ചതോടെ നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധക്കാര്‍ ശക്തമായ സമരവുമായി മുന്നോട്ടു വന്നതോടെയാണ് പൊലീസ് വെടിവയ്പ്പിലേക്ക കാര്യങ്ങള്‍ എത്തിയത്. 

പൊലീസ് വെടിവയ്പ്പിലും പ്രതിഷേധക്കാരുടെ കല്ലേറിലും ഇരുപതിനടുത്ത് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടതായാണ് സൂചന. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതോടെയായിരുന്നു സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 

പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് വളപ്പിലേക്ക് കടന്നതോടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കളക്ടറേറ്റില്‍ കിടന്ന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രതിഷേധക്കാര്‍ തീയിട്ടു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസുകാരെ ഇവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്. 

വെടിവയ്പ്പിലേക്ക് നീങ്ങിയ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും അക്രമമുണ്ടായതിനെ തുടര്‍ന്ന് പൊലീസിന് വെടിയുതിര്‍ക്കേണ്ടി വരികയായിരുന്നു എന്ന നിലപാടാണ് പൊലീസിനെ സംരക്ഷിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com