തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

144 പിന്‍വലിക്കാന്‍ കലക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദേശം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് വിരുദ്ധ  സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വടിവെയ്പിനെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. 144 പിന്‍വലിക്കാന്‍ കലക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദേശം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പില്‍ പതിമൂന്നു പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലേയും സമീപ ജില്ലയിലേയും വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴും തൂത്തുക്കുടി. 

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ഇതിന്റെ നൂറാംദിവസത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് വെടിവയ്പ് നടത്തിയത്. 1996 ലാണ് തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.

വിപുലീകരണം നടന്നാല്‍ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ കോപ്പര്‍ സംസ്‌കണ പ്ലാന്റായി തൂത്തുക്കുടിയിലേത് മാറും. പ്രതിവര്‍ഷം 9 ലക്ഷം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ചൈനയിലുണ്ട്, പക്ഷേ അത് ജനവാസമേഖലയിലല്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വികസനവുമായി മുന്നോട്ട് പോകാനാണ് സ്‌റ്റെര്‍ലൈറ്റ് ഇന്‍ട്രസ്ട്രീസിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com