'നിങ്ങള്‍ ആരാണ്?'; രജനീകാന്തിന്റെ മുഖത്തു നോക്കി തൂത്തുക്കുടിക്കാരന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യം

കഴിഞ്ഞ ദിവസം ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തിയ രജനീകാന്തിനോട് ഓള്‍ കോളേജ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതാവായ കെ. സന്തോഷ് രാജാണ് ഈ ചോദ്യം ചോദിച്ചത്
'നിങ്ങള്‍ ആരാണ്?'; രജനീകാന്തിന്റെ മുഖത്തു നോക്കി തൂത്തുക്കുടിക്കാരന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യം

'നിങ്ങള്‍ ആരാണ്?' സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മുഖത്ത് നോക്കി ഇത് ചോദിക്കുമ്പോള്‍ 21 കാരനായ വിദ്യാര്‍ത്ഥിയുടെ ഉള്ളില്‍ ആളിക്കത്തിയിരുന്ന രോഷം എത്രയെന്ന് നമുക്ക് ഊഹിക്കാം. ശുദ്ധമായ വായുവിനും വെള്ളത്തിനും വേണ്ടി സമരം ചെയ്തതിന് ഒരുകൂട്ടം പേര്‍ വെടിയേറ്റ് മരിച്ചതോടെയാണ് തൂത്തുക്കുടിയെ പ്രമുഖര്‍ കാണുന്നത്. എന്നാല്‍ കൊലചെയ്തതിന് ശേഷമുള്ള ഈ ആശ്വസിപ്പിക്കല്‍ നാടകങ്ങളോട് അവിടത്തെ യുവാക്കള്‍ക്ക് താല്‍പ്പര്യമില്ല. പരിക്കുകള്‍ പറ്റി ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന വിഐപികളെ നിങ്ങള്‍ ആരാണ് എന്ന ഒറ്റ ചോദ്യത്തിലൂടെ ഇല്ലാതാക്കിക്കളയുകയാണ് അവിടത്തെ യുവാക്കള്‍. 

കഴിഞ്ഞ ദിവസം ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തിയ രജനീകാന്തിനോട് ഓള്‍ കോളേജ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതാവായ കെ. സന്തോഷ് രാജാണ് ഈ ചോദ്യം ചോദിച്ചത്. താരപദവിയില്‍ ഏത്തിയതിന് ശേഷം അദ്ദേഹം  നേരിട്ടതില്‍ വെച്ച് ഏറ്റവും വിഷമിപ്പിച്ച ചോദ്യമിയിരുന്നിരിക്കാം ഇത്. രജനീകാന്ത് മാത്രമല്ല ഇതിന് മുന്‍പ് തൂത്തുക്കുടി സന്ദര്‍ശിച്ച മന്ത്രിമാര്‍ക്കും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. 

തുടര്‍ന്ന് രജനീകാന്തിന് പിന്തുണ അറിയിച്ച് ഞാനാണ് രജനീകാന്ത് എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റാര്‍ലെറ്റ് കമ്പനിക്കെതിരേ തൂത്തുക്കുടിയിലെ ജനങ്ങള്‍ മേയ് 22 ന് കളക്റ്ററേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസ് വെടിവെപ്പ് നടന്നത്. ബി കോം ബിരുദ വിദ്യാര്‍ത്ഥിയായ സന്തോഷ് രാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഓള്‍ കോളേജ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്റ്റാര്‍ലെറ്റ് പ്രതിഷേധത്തില്‍ ശക്തമായ പങ്കുവഹിച്ചിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍ സന്തോഷ്. 

മന്ത്രി സി രാജുവിനോടാണ് സന്തോഷ് ആദ്യമായി നിങ്ങള്‍ ആരാണെന്നുള്ള ചോദ്യം സന്തോഷ് ചോദിച്ചത്. മേയ് 27 ന് ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഈ ചോദ്യത്തിന് മുന്നില്‍ ഒന്ന് പതറി. ഇതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ അപ്പോഴും സന്തോഷ് ഈ ചോദ്യം ആവര്‍ത്തിച്ചു. ഇന്നലെ ആശുപത്രിയില്‍ എത്തിയ രജനീകാന്ത് ഈ ചോദ്യത്തില്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ചിരിയുമായി നീങ്ങുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com