'ഹോട്ടല്‍ മുറിയില്‍ വച്ച് അയാള്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ബലാത്സംഗം ചെയ്തു'; എം ജെ അക്ബറിനെതിരെ വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍ 

ഇന്ന് ഞാന്‍ അമേരിക്കന്‍ പൗരയാണ്. ഭാര്യയും അമ്മയുമാണ്. മാധ്യമപ്രവര്‍ത്തനത്തിലുള്ള എന്റെ സ്‌നേഹം എനിക്ക് തിരികെ കിട്ടി. മുറിഞ്ഞു പോയ ജീവിതം  ഓരോ കഷ്ണം കഷ്ണമായി ഞാന്‍ ചേര്‍ത്തുവച്ചു.
'ഹോട്ടല്‍ മുറിയില്‍ വച്ച് അയാള്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ബലാത്സംഗം ചെയ്തു'; എം ജെ അക്ബറിനെതിരെ വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍ 

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയുമായിരുന്ന  എം ജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയാണ് മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജയ്പൂരിലെ ഹോട്ടലില്‍ വച്ച് അക്ബര്‍ ബലാത്സംഗം ചെയ്തുവെന്നാണ് വാഷിംങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ പല്ലവി വെളിപ്പെടുത്തിയത്.

 പല്ലവിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

നിക്കറിയാവുന്ന എം ജെ അക്ബര്‍ ഏഷ്യന്‍ ഏജ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മികച്ച മാധ്യമപ്രവര്‍ത്തകനുമായിരുന്നു. ആ പദവി തന്നെയാണ് എന്നെ ഇരയാക്കാനും അയാള്‍ ഉപയോഗിച്ചത്.  എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വേദന നിറഞ്ഞ ഓര്‍മ്മയാണത്. അതിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കാരണം രണ്ട് ഞായറാഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും അറിഞ്ഞ വാര്‍ത്തകളായിരുന്നു.

എം ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ കൊടുങ്കാറ്റായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം അയാള്‍ക്ക് രാജി വയ്‌ക്കേണ്ടി വന്നുവെന്നായിരുന്നു അത്. മന്ത്രി പദവിയേ പോയിട്ടുള്ളൂ, അയാളിപ്പോഴും പാര്‍ലമെന്റംഗവും ഭരണപക്ഷത്തെ പ്രമുഖനുമാണ്. പെണ്‍കുട്ടികളുടെ 'ഉന്നമനത്തിന് വേണ്ടി' പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളുമാണ്.

വാര്‍ത്ത വായിച്ചതും എന്റെ തല ചുറ്റാന്‍ തുടങ്ങി. ഇന്ത്യയിലെ എന്റെ രണ്ട് അടുത്ത സുഹൃത്തുക്കളെ ഞാന്‍ വിളിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തിലുണ്ടായ ആ വേദനയും സങ്കടവും അറിയാവുന്ന രണ്ടു പേരായിരുന്നു അവര്‍. അവര്‍ക്ക് പുറമേ എന്റെ ഭര്‍ത്താവിനോടും ഞാന്‍ ഈ കാര്യം പങ്കുവച്ചിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങള്‍ ആവുന്നതിന് മുമ്പായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് എനിക്ക് ഈ അനുഭവം പറയേണ്ടി വന്നത്. 

ഏഷ്യന്‍ ഏജില്‍ മാധ്യമപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. കോളെജില്‍ നിന്ന് പാസായവരായിരുന്നു ഞങ്ങളിലധികവും.  ജേര്‍ണലിസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ഞങ്ങള്‍ ശീലിച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എം ജെ അക്ബറിനെ പോലൊരു പ്രഗത്ഭനൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് ഞങ്ങളുടെ സൗഭാഗ്യമായി ഞങ്ങള്‍ കരുതി. എഴുത്തുകാരനും പ്രശസ്തനുമായിരുന്നു അപ്പോള്‍ അയാള്‍. സണ്‍ഡേ മാഗസിനും ടെലിഗ്രാഫ് പത്രവുമടക്കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് ജന്‍മം നല്‍കിയ വ്യക്തിയാണ്. ഏഷ്യന്‍ ഏജായിരുന്നു അദ്ദേഹത്തിന്റെ പുതിയ സംരംഭം.

അന്ന് 40 വയസ്സുണ്ടായിരുന്ന അദ്ദേഹം ഇടയ്ക്കിടെ ഞങ്ങള്‍ക്ക് മേല്‍ അയാള്‍ക്കുള്ള അധികാരത്തെ ഓര്‍മ്മിപ്പിക്കുമായിരുന്നു. എഴുതിക്കൊണ്ട് ചെല്ലുന്ന കോപ്പികള്‍ മോണ്ട് ബ്ലാങ്കിന്റെ ചുവന്ന പേന കൊണ്ട് വെട്ടിക്കളയുകയും ഞങ്ങളെ നടുക്കിക്കൊണ്ട് അവ വേസ്റ്റ് ബിന്നില്‍ തള്ളുകയും ചെയ്തുവന്നു. ഞങ്ങളില്‍ ഒരാളോട് പോലും ദേഷ്യപ്പെടാത്ത ദിവസം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് എല്ലാ ദിവസവും ഉയരാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നില്ല. 

അദ്ദേഹത്തിന്റെ ഭാഷാ നിപുണതയിലും , ശൈലീപ്രയോഗങ്ങളിലും ഞാന്‍ അതിശയിച്ചിരുന്നു. അയാള്‍ എഴുതുന്നത് പോലെ എഴുതാന്‍ ഞാനും ആഗ്രഹിച്ചു. അതുകൊണ്ട് അയാള്‍ വായ കൊണ്ട് പറഞ്ഞിരുന്ന എല്ലാ ചീത്തയും ഞാന്‍ കേട്ടു നിന്നു. ഏറ്റവും പ്രഗത്ഭനായ ഒരാളില്‍ നിന്ന് പഠിക്കാന്‍ സാധിക്കുകയാണല്ലോ എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ. 23 ആം വയസ്സില്‍ എന്നെ ഓപ്പെഡ് പേജിന്റെ എഡിറ്ററായി നിയമിച്ചു. പത്രത്തില്‍ കോളമെഴുതിയിരുന്ന ജസ്വന്ത് സിങ്, അരുണ്‍ ഷൂറി, നളിനി സിങ് തുടങ്ങിയ പ്രമുഖരെ ഫോണില്‍ വിളിച്ച് കോളങ്ങളുടെ കാര്യം ഓര്‍മ്മിപ്പിക്കേണ്ട ചുമതലയും എനിക്കായി. ആ പ്രായത്തില്‍ അതൊരു വലിയ ഉത്തരവാദിത്വമായിരുന്നു.

 വളരെപ്പെട്ടെന്നാണ് ഞാനേറെ സ്‌നേഹിച്ച് തിരഞ്ഞെടുത്ത ആ ജോലിക്ക് വലിയ വില കൊടുക്കേണ്ടി വന്നത്. എന്റെ കൂട്ടുകാരി തുഷിത ഇപ്പോഴും അക്ബര്‍ എന്നെ അപമാനിച്ച നിമിഷങ്ങളെ കുറിച്ച് കൃത്യമായി ഓര്‍ക്കുന്നുണ്ട്. 1994 ലെ വേനല്‍ കാലം, ഞാന്‍ അയാളുടെ ഓഫീസിലേക്ക് ചെല്ലുമ്പോള്‍ വാതില്‍ അടഞ്ഞു കിടന്നിരുന്നു. അന്നത്തെ പേജ് കാണിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് ചെന്നതും ജോലിയെ അഭിനന്ദിച്ചു, പെട്ടെന്ന് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് ചുവന്ന മുഖത്തോടെ, തകര്‍ന്ന് തരിപ്പണമായി ഞാന്‍ ആ മുറി വിട്ട് പുറത്തേക്കിറങ്ങി. എന്റെ മുഖം കണ്ട് തുഷിത വന്ന് കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു.

 രണ്ടാമത്തെ സംഭവം ഉണ്ടാവുന്നത് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ്. മാഗസിന്റെ ലോഞ്ചിന് വേണ്ടി മുംബൈയിലേക്ക് എന്നെ വിളിച്ചു വരുത്തി. താജ് ഹോട്ടലിലേക്കെത്തിയിട്ട് മാഗസിന്‍ ലേഔട്ടിനെ കുറിച്ച് വിശദീകരിക്കാന്‍ പറഞ്ഞു. മുറിയിലെത്തിയതും ചുംബിക്കാനാഞ്ഞു വന്നു. അയാളെ തള്ളിമാറ്റിയപ്പോള്‍ എന്റെ മുഖത്ത് മാന്തി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മടങ്ങി. എന്ത് പറ്റിയതാണെന്ന് കൂട്ടുകാരി ചോദിച്ചപ്പോള്‍ ഹോട്ടലില്‍ വീണതാണെന്ന് നുണ പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഇനി അയാളെ എതിര്‍ത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അയാള്‍ പറഞ്ഞു. ജോലി രാജിവയ്ക്കാന്‍ ഞാന്‍ അപ്പോള്‍ തയ്യാറായില്ല.

എന്നും രാവിലെ 8 മണിക്ക് മറ്റുള്ളവരൊക്കെ എത്തുന്നതിന് മുമ്പ് ഞാന്‍ ഓഫീസില്‍ എത്തിയിരുന്നു. 11 മണിയോടെ തന്നെ ഓപ്പെഡ് പേജുകള്‍ തയ്യാറാക്കുകയായിരുന്നു എന്റെ ലക്ഷ്യം. മറ്റുള്ളവര്‍ എത്തുന്നതോടെ റിപ്പോര്‍ട്ടിങിന് പോകാന്‍ കഴിയുന്നതോടെ ആരെയും കാണേണ്ടതില്ലെല്ലോ എന്നാശ്വസിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസംഡല്‍ഹിയില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഗ്രാമത്തിലേക്ക് വാര്‍ത്ത ചെയ്യുന്നതിനായി പോകേണ്ടി വന്നു. പ്രണയിച്ചതിന് രണ്ട് ജാതിയില്‍പ്പെട്ട കമിതാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിത്തൂക്കി കൊന്ന സംഭവത്തെ കുറിച്ച് വാര്‍ത്ത ചെയ്യുന്നതിനായാണ് പോയത്. വാര്‍ത്ത ചെയ്ത ശേഷം ജയ്പൂരിലേക്ക് പോയി. അക്ബര്‍ അവിടേക്കെത്തി. അയാളെ കാണാന്‍ ചെല്ലാന്‍ പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കേ അയാള്‍ എന്നെ കടന്ന് പിടിച്ച് വസ്ത്രങ്ങള്‍ ഊരി എറിഞ്ഞ് കീഴ്‌പ്പെടുത്തി. അയാളെ എതിര്‍ത്തുവെങ്കിലും അത്രയും ശക്തി എനിക്കുണ്ടായില്ല. അപമാനം കൊണ്ട് ഞാന്‍ നിറഞ്ഞു. ഞാനിത് ആരോടും പറയാന്‍ നിന്നില്ല. ഹോട്ടലിലേക്ക് അയാള്‍ വിളിച്ചപ്പോള്‍ ചെല്ലാന്‍ തോന്നിയ നിമിഷത്തെയും എന്നെയും ഞാന്‍ വെറുത്തു. ആരും എന്നെ വിശ്വസിക്കില്ലെന്ന് എനിക്കപ്പോള്‍ തോന്നി.

പിന്നീട് അയാള്‍ എന്നെ ഭയപ്പെടുത്തി പലവട്ടം പീഡിപ്പിച്ചു. മാനസികമായും വാക്കുകള്‍ കൊണ്ടും എന്നെ അധിക്ഷേപിച്ചു. എന്റെ പ്രായത്തിലുള്ള ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കണ്ടാലുടന്‍ അയാള്‍ ഓഫീസില്‍ കിടന്ന് അലറി. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ മരിച്ചു കൊണ്ടിരുന്നു. ജോലി പോകുമെന്ന് ഭയന്നിട്ടാണോ, അയാള്‍ ഇല്ലാതെയാക്കുമെന്നോര്‍ത്തിട്ടാണോ എനിക്കറിയില്ല എന്തുകൊണ്ടോ അന്നെനിക്ക് പുറത്ത് പറയാന്‍ പറ്റിയില്ല.

1994 ലെ  ആ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നന്നായി റിപ്പോര്‍ട്ട് ചെയ്ത ശേഷം എന്നെ വിദേശത്തേക്ക് അയയ്ക്കുകയാണെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു. രക്ഷപെട്ടല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് അതിലെ ചതി എനിക്ക് മനസിലായത്. അയാള്‍ യുകെയില്‍ എത്തുമ്പോഴെല്ലാം എന്നെ ഉപദ്രവിക്കാനായെത്തുമല്ലോയെന്ന്. ഓഫീസിലെ സുഹൃത്തുമായി സംസാരിച്ചതിന് എല്ലാവരും പോയപ്പോള്‍ അയാള്‍ എന്നെ അടിച്ചു. കൈയ്യില്‍ കിട്ടിയതെല്ലാമെടുത്ത് എറിഞ്ഞു. സഹികെട്ട് ഞാന്‍ തുഷിതയെയും വീട്ടുകാരെയും അറിയിക്കുകയായിരുന്നു. വളരെപ്പെട്ടന്ന് അക്ബര്‍ എന്നെ ബോംബൈയിലേക്ക് വിളിപ്പിച്ചു. പക്ഷേ ഞാന്‍ രാജി വച്ചു. ഡൗ ജോണ്‍സില്‍ റിപ്പോര്‍ട്ടിങ് അസിസ്റ്റന്റ് ആയി ന്യൂയോര്‍ക്കില്‍ ജോലി കിട്ടി ഞാന്‍ പോയി.

 ഇന്ന് ഞാന്‍ അമേരിക്കന്‍ പൗരയാണ്. ഭാര്യയും അമ്മയുമാണ്. മാധ്യമപ്രവര്‍ത്തനത്തിലുള്ള എന്റെ സ്‌നേഹം എനിക്ക് തിരികെ കിട്ടി. മുറിഞ്ഞു പോയ ജീവിതം  ഓരോ കഷ്ണം കഷ്ണമായി ഞാന്‍ ചേര്‍ത്തുവച്ചു. കഠിനാധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും ഡൗ ജോണ്‍സില്‍ നിന്നും ബിസിനസ് വീക്കിലേക്കും, യുഎസ്എ ടുഡേയിലേക്കും എപിയിലേക്കും സിഎന്‍എന്നിലേക്കും ഞാന്‍ എത്തി. ഇന്ന് നാഷ്ണല്‍ പബ്ലിക് റേഡിയോ മേധാവിയായി.

അക്ബര്‍ നിയമത്തിനും മീതെ ജീവിക്കുന്ന മനുഷ്യനായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.  ഇതിപ്പോള്‍ പറഞ്ഞത് കൊണ്ട് ഒന്നുമുണ്ടാകില്ലെന്ന് അറിയാം. തുറന്ന് പറഞ്ഞ സ്ത്രീകളെയെല്ലാം അക്ബര്‍ ഭീഷണിപ്പെടുത്തിയതായും ഞാനറിഞ്ഞു. കൗമാരാക്കരായ എന്റെ മക്കള്‍ക്ക് വേണ്ടിയാണ് മറ്റുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാനിത് തുറന്ന് പറയുന്നത്. ആരെങ്കിലും ഇരയാക്കാന്‍ നോക്കിയാല്‍ ചെറുത്ത് നില്‍ക്കാന്‍ മടിക്കരുതെന്ന് പറയാനാണ്. അന്നത്തെ ഇരുണ്ട കാലത്തില്‍ നിന്നും ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു. അത്തരം മോശം കാലം എന്റെ ജീവിത്തെ തീരുമാനിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. മുന്നോട്ട് നടക്കാനായിരുന്നു എന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com