പട്ടേല്‍ പ്രതിമയെ വെല്ലാന്‍ ചന്ദ്രബാബു നായിഡു; അമരാവതിയില്‍ നിര്‍മ്മിക്കുന്നത് ഏകതാ പ്രതിമയെക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം

ആന്ധ്രയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
പട്ടേല്‍ പ്രതിമയെ വെല്ലാന്‍ ചന്ദ്രബാബു നായിഡു; അമരാവതിയില്‍ നിര്‍മ്മിക്കുന്നത് ഏകതാ പ്രതിമയെക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നുനിലകളില്‍ നിര്‍മ്മിക്കുന്ന നിയമസഭാമന്ദിരത്തോട് ചേര്‍ന്ന് 250മീറ്റര്‍ ഉയരത്തില്‍ പിരിയന്‍ ഗോവണിയും ടവറും സ്ഥാപിക്കാനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. 

സര്‍ദാര്‍ പട്ടേല്‍ പ്രതിമയേക്കാള്‍ 68മീറ്റര്‍ അധികം ഉയരം ഇതിനുണ്ടാകും. ബ്രിട്ടനില്‍ നിന്നുള്ള  ശില്‍പികളാകും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. കെട്ടിടത്തിന് ലില്ലിപ്പൂവിന്റെ ആകൃതിയാണ്. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ വിളിക്കാനും രണ്ട് വര്‍ത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

നിയമസഭാ മന്ദിരത്തിന്റെ രൂപരേഖ
 

രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. അമരാവതി നഗരത്തെ നോക്കിക്കാണാവുന്ന രീതിയിലാവും ഗാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാകും കെട്ടിടം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയെന്നാണ് ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ വിലയിരുത്തുന്നത്. 2063കോടി രൂപ ചെലവാക്കിയാണ് നാല് വര്‍ഷം കൊണ്ട് നര്‍മദാ നദിയില്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത്. 

ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ഭീമാകാര പ്രതിമകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശ് ശ്രീരാമന്റെ പ്രതിമയും മഹാരാഷ്ട്ര ഛത്രപതി ശിവജിയുടെ പ്രതിമയും കര്‍ണാടക കാവേരി പ്രതിമയും നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂറ്റന്‍ പ്രതിമ നിര്‍മ്മാണ പ്രഖ്യാപനങ്ങളുടെ ഇടയില്‍ വ്യത്യസ്ത പ്രഖ്യാപനമാണ് ഇപ്പോള്‍ ചന്ദ്രബാബു നായിഡു നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com