ഭരണഘടനാ ദിനാഘോഷത്തില്‍ നിറഞ്ഞ് ശബരിമല വിധി; എല്ലാ കണ്ണുകളും സുപ്രിം കോടതിയില്‍

ജഡ്ജിമാര്‍ മാറുന്നതിന് അനുസരിച്ച് ഭരണഘടനാ ധാര്‍മികതയുടെ അര്‍ഥങ്ങള്‍ മാറരുതെന്ന് നിയമമന്ത്രി
ഭരണഘടനാ ദിനാഘോഷത്തില്‍ നിറഞ്ഞ് ശബരിമല വിധി; എല്ലാ കണ്ണുകളും സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് സുപ്രിം കോടതിയില്‍ നടന്ന പരിപാടിയില്‍ സജീവ ചര്‍ച്ചയായി ശബരിമല കേസിലെ വിധി. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മുതല്‍ പ്രമുഖ നിയമജ്ഞര്‍ വരെ പ്രസംഗങ്ങളില്‍ നേരിട്ടും അല്ലാതെയും ശബരിമല കേസ് പരാമര്‍ശിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള റിവ്യൂ ഹര്‍ജികള്‍ സുപ്രിം കോടതി കേള്‍ക്കാനിരിക്കെയാണിത്. 

ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് ഏറെ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭരണഘടനാ ധാര്‍മികതയുടെ നൂതന പ്രയോഗങ്ങള്‍ അംഗകരിക്കുന്നു. എന്നാല്‍ അതിന്റെ സൂക്ഷ്മമായ ഭേദങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്. ജഡ്ജിമാര്‍ മാറുന്നതിന് അനുസരിച്ച് ഭരണഘടനാ ധാര്‍മികതയുടെ അര്‍ഥങ്ങള്‍ മാറരുതെന്ന് നിയമമന്ത്രി പറഞ്ഞു. മതങ്ങളുടെയും വ്യക്തികളുടെയും ധാര്‍മികതയ്ക്കു മുകളിലാണ് ഭരണഘടനാ ധാര്‍മികതയെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുപ്രിം കോടതി ശബരിമല കേസില്‍ വിധി പറഞ്ഞത്. ഇതു നേരിട്ടു പരാമര്‍ശിക്കാതെയായിരുന്നു നിയമ മന്ത്രിയുടെ പ്രസംഗം.

ശബരിമലയിലേത് വളരെ സങ്കീര്‍ണമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പ്രമുഖ നിയമജ്ഞനായ ഫാലി എസ് നരിമാന്‍ അഭിപ്രായപ്പെട്ടു. ആത്യന്തിതമായി നിയമം അല്ല, സാമൂഹ്യ ഘടനയാണ് നമുക്ക് എത്ര ദൂരം പോവാനാവുമെന്നും എത്ര വേഗത്തില്‍ പോവാനാവുമെന്നും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ വിധി പറയുന്ന ജഡ്ജിമാര്‍ തമ്മിലുള്ള ആശയ വിനിയമം നടക്കുന്നില്ലെന്ന് നരിമാന്‍ പറഞ്ഞു. വിധി പ്രസ്താവിക്കുമ്പോഴാണ് ഓരോരുത്തരുടെയും നിലപാടു വ്യക്തമാവുന്നത്. ബെഞ്ചില്‍ മൂന്നോ അഞ്ചോ ഏഴോ ജഡ്ജിമാര്‍ ഉണ്ടാവും. എന്നാല്‍ ഇവര്‍ കൂടിയിരുന്നുള്ള ചര്‍ച്ച സംഭവിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കുന്ന ജര്‍മനിയിലെ മാതൃക നമ്മളും പരിഗണിക്കേണ്ടതാണെന്ന് നിയമ പണ്ഡിതന്‍ പ്രൊഫ. എന്‍ആര്‍ മാധവ മേനോന്‍ പറഞ്ഞു. ശബരിമല കേസില്‍ ഇത്തരത്തില്‍ സമയം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com