'ട്വീറ്റുകള്‍ അല്ല, വസ്തുതകള്‍ നോക്കൂ'; റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്റെ ട്വീറ്റുകളെ പരിഹസിച്ച് ഫ്രഞ്ച് സ്ഥാനപതി

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്
'ട്വീറ്റുകള്‍ അല്ല, വസ്തുതകള്‍ നോക്കൂ'; റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്റെ ട്വീറ്റുകളെ പരിഹസിച്ച് ഫ്രഞ്ച് സ്ഥാനപതി

ന്യൂഡല്‍ഹി; റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രഞ്ച് സ്ഥാനപതി. ഇടപാടിനെ കുറിച്ചുള്ള വസ്തുതകളാണ് നോക്കേണ്ടതെന്നും അല്ലാതെ ട്വീറ്റുകള്‍ അല്ലെന്നുമാണ് അലേക്‌സോന്ദ്ര സ്ലീഗര്‍ പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിയിലാണ് രാഹുല്‍ ഗാന്ധിയുടെ പേര് എടുത്തു പറയാതെ സ്ലീഗര്‍ പരാമര്‍ശം നടത്തിയത്. 

'വസ്തുതകള്‍ നോക്കൂ, ട്വീറ്റുകളല്ല. ഇതാണ് എന്റെ ഹ്രസ്വവും ലളിതവുമായ മറുപടി' റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ഫ്രഞ്ച് സ്ഥാനപതി പറഞ്ഞു. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്. അതിനാല്‍ സ്ലീഗറുടെ പരാമര്‍ശം രാഹുലിനെ ഉന്നംവെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

റഫാല്‍ ഉടമ്പടിക്കു ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരുതരത്തിലുള്ള പിന്തുണയുമില്ലെന്നാണ് രാഹുലിന്റെ വാദം. പ്രധാനമന്ത്രിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ കത്താണ് ഇതിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഒരു കത്തുകൊണ്ട് മാത്രം റഫാലിന്റേത് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണെന്നു വ്യക്തമാക്കാന്‍ കഴിയുമോ എന്നാണ് രാഹുലിന്റെ ചോദ്യം. കാവല്‍ക്കാരന്‍ രാജ്യത്തെ വിറ്റെന്നും അദ്ദേഹം ട്വീറ്റിലൂടെ ആരോപിച്ചു. 

റഫാല്‍ യുദ്ധവിമാന കരാറില്‍ വന്‍തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഡാസോ തിരഞ്ഞെടുത്തതു മോദി സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നുമാണു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരും ഡാസോയും നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com