'വായിക്കാനാവാത്ത കുറിപ്പടി'; ഡോക്ടര്‍മാര്‍ 5000 രൂപ പിഴ ഒടുക്കണമെന്ന് കോടതി 

ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ഇത്തരത്തിലുളള ഉത്തരവ് പുറപ്പെടുവിച്ചത്
'വായിക്കാനാവാത്ത കുറിപ്പടി'; ഡോക്ടര്‍മാര്‍ 5000 രൂപ പിഴ ഒടുക്കണമെന്ന് കോടതി 

ലക്‌നൗ: ഡോക്ടര്‍മാരുടെ കുറിപ്പടി വായിച്ചാല്‍ മനസിലാവില്ല എന്നത് സ്ഥിരം കേള്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അവരുടെ കൈയ്യക്ഷരം മോശമാണ് എന്ന് കേട്ടാല്‍ അത്ഭുതവും തോന്നാറില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൈയ്യക്ഷരം മോശമായതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്ക് പിഴ ചുമത്തിയിരിക്കുകയാണ് കോടതി.

വ്യത്യസ്തമായ കേസുകളില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കാണ് കോടതി പിഴ വിധിച്ചത്. വായിച്ചാല്‍ മനസിലാവാത്ത കൈയ്യക്ഷരത്തിന്റെ പേരില്‍ 5000 രൂപ വീതം പിഴ ഒടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ഇത്തരത്തിലുളള ഉത്തരവ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ ആഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട മൂന്ന് ക്രിമിനല്‍ കേസുകള്‍ കോടതി മുന്‍പാകെ വന്നത്. രോഗികളുടെ പരിക്കുമായി ബന്ധപ്പെട്ട് സീതാപൂര്‍, ഉന്നാവോ, ഗോണ്ട ജില്ലാ ആശുപത്രികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ മോശം കൈയ്യക്ഷരം കാരണം വായിക്കാന്‍ സാധിക്കാതിരുന്നതാണ്  കേസിന് ആധാരം. 

കുറ്റാരോപിതരായ മൂന്ന് ഡോക്ടര്‍മാരെയും വിളിച്ചുവരുത്തിയാണ് കോടതി പിഴ വിധിച്ചത്. അമിത ജോലിഭാരം കൊണ്ടാണ് കൈയ്യക്ഷരം ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലളിതവും വായിച്ചാല്‍ മനസിലാവുന്നതുമായ ഭാഷയില്‍ തയ്യാറാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മൂന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരോട് കോടതി ആവശ്യപ്പെട്ടു. കംപ്യൂട്ടറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com