ട്രെയിന്‍ പാഞ്ഞെത്തുന്നത് അറിയിക്കാന്‍ ഓടിയെത്തി; ദസറയ്ക്ക് രാവണനായി വേഷമിട്ടയാള്‍ക്ക് അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ ദാരുണാന്ത്യം 

ട്രെയിന്‍ പാഞ്ഞെത്തുന്ന വിവരം ട്രാക്കില്‍ കൂടിയിരുന്ന ആളുകളെ അറിയിക്കാന്‍ ഓടിയടുത്തപ്പോള്‍ ഇയാളും അപകടത്തില്‍പെടുകയായിരുന്നു
ട്രെയിന്‍ പാഞ്ഞെത്തുന്നത് അറിയിക്കാന്‍ ഓടിയെത്തി; ദസറയ്ക്ക് രാവണനായി വേഷമിട്ടയാള്‍ക്ക് അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ ദാരുണാന്ത്യം 

അമൃത്സര്‍: അമൃത്സറിലെ ജോധാ ഫടകില്‍ ഇന്നലെ ദസറ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ രാവണനായി വേഷമിട്ടയാള്‍ക്ക് ദാരുണാന്ത്യം. ട്രെയിന്‍ പാഞ്ഞെത്തുന്ന വിവരം ട്രാക്കില്‍ കൂടിയിരുന്ന ആളുകളെ അറിയിക്കാന്‍ ഓടിയടുത്തപ്പോള്‍ ഇയാളും അപകടത്തില്‍പെടുകയായിരുന്നു. ദാല്‍ഭീര്‍ സിങ് എന്നയാളാണ് മരിച്ചത്.

രാമലീല ആഘോഷങ്ങളില്‍ രാവണനായി വേഷമിട്ട ദാല്‍ഭീര്‍ പരിപാടിക്ക് ശേഷം രാവണകോലം കത്തിക്കുന്നതുകാണാന്‍ ജോധാ ഫടകിലേക്ക് എത്തുകയായിരുന്നു. വരുന്ന വഴി ട്രെയിന്‍ പാഞ്ഞെത്തുന്നത് കണ്ട ഇയാള്‍ ട്രാക്കില്‍ കയറിനിന്ന ആളുകളെ വിവരമറിയിക്കാന്‍ ഓടിയടുക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ എത്തുന്നതിന് മുമ്പ് ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി. 61ഓളം ആളുകള്‍ സംഭവത്തില്‍ മരിച്ചു.

ദാല്‍ഭീര്‍ വര്‍ഷങ്ങളായി ദസറ ആഘോഷത്തിന് രാമലീലയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുന്ന ആളായിരുന്നെന്നും ഒപ്പം വേഷമിടുന്നവരെ സഹായിക്കണമെന്നുപറഞ്ഞ് ഇന്നലെ പരിപാടികള്‍ക്കായി നേരത്തെ വീട്ടില്‍ നിന്നിറങ്ങിയിരുന്നെന്നും ഭാര്യ പറഞ്ഞു. ഇന്നലെ നടന്നതുപോലെയുള്ള ആഘോഷങ്ങള്‍ അവിടെ നടക്കാന്‍ തുടങ്ങിയിട്ട് ഇരുപതിലേറെ വര്‍ഷങ്ങളായെന്നും അടുത്തുള്ള ഗ്രാമത്തില്‍ നിന്നെല്ലാം ആളുകള്‍ ഇത് കാണാന്‍ ഇവിടെ എത്താറുണ്ടെന്നുമാണ് ദാല്‍ഭീറിന്റെ അമ്മയുടെ വാക്കുകള്‍

എഴുന്നൂറോളം ആളുകളാണ് രാവണ രൂപം കത്തിക്കുന്നത് കാണാന്‍ ഇന്നലെ ഇവിടെ തടിച്ചുകൂടിയത്. റെയില്‍വേ ട്രാക്കില്‍ നിന്ന് 50മീറ്റര്‍ മാത്രം ദൂരെയാണ് ആഘോഷങ്ങള്‍ നടന്നിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ജലന്ധറില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ട്രെയില്‍ പാഞ്ഞുകയറിയത്.  പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്റെ വരവറിഞ്ഞില്ല. സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിപാടി നടത്താന്‍ അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ മുതല്‍ ട്രെയിന്‍ ഡ്രൈവറുടെ വരെ പങ്ക് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com