സിബിഐയിലെ തമ്മിലടി; സര്‍ക്കാര്‍ അന്വേഷിക്കില്ല, തീരുമാനമെടുക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെന്ന് ജെയ്റ്റലി 

സിബിഐയുടെ തലപ്പത്ത് നടന്ന ഉള്‍പ്പോര് ഭൗര്‍ഭാഗ്യകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
സിബിഐയിലെ തമ്മിലടി; സര്‍ക്കാര്‍ അന്വേഷിക്കില്ല, തീരുമാനമെടുക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെന്ന് ജെയ്റ്റലി 

ന്യൂഡല്‍ഹി:  സിബിഐയുടെ തലപ്പത്ത് നടന്ന ഉള്‍പ്പോര് ഭൗര്‍ഭാഗ്യകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് ഇരുവരെയും മാറ്റിനിര്‍ത്തിയത്. സ്വതന്ത്ര അന്വേഷണം ഉറപ്പുവരുത്താനാണ് നടപടി സ്വീകരിച്ചതെന്നും അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുവരും തമ്മിലുളള തര്‍ക്കം സര്‍ക്കാര്‍ അന്വേഷിക്കില്ല. ഇതിന് അധികാരപ്പെട്ട സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്. സിബിഐ ഡയറക്ടറെയും ഉപമേധാവിയെയും മാറ്റിനിര്‍ത്തിയത് താല്‍ക്കാലികമാണ്. ഇരുവരും നിരപരാധികളാണ് എന്ന് തെളിഞ്ഞാല്‍ തിരിച്ചെത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് നടപടി വേണം. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. എന്നാല്‍ ഇക്കാര്യത്തിലെല്ലാം തീരുമാനമെടുക്കേണ്ടത് സിബിഐയുടെ പരമോന്നത സ്ഥാപനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു. 

സിബിഐ തലപ്പത്തെ ഉള്‍പ്പോര് ശക്തമായതിനെ തുടര്‍ന്ന് അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ജോയിന്റ് ഡയറക്ടര്‍ എന്‍ നാഗേശ്വരറാവുവിനാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com