130 രൂപയ്ക്ക് 100 ചാനലുകള്‍! കേബിള്‍ ടി വി നിരക്കുകള്‍ കുറയ്ക്കാനുള്ള ട്രായുടെ നീക്കത്തിന് സുപ്രിംകോടതിയുടെ പിന്തുണ; സ്റ്റാര്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളി

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്തതിന് മാത്രം പണം നല്‍കാനുമുള്ള സംവിധാനമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. ട്രായുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുന്നതോടെ 100 
130 രൂപയ്ക്ക് 100 ചാനലുകള്‍! കേബിള്‍ ടി വി നിരക്കുകള്‍ കുറയ്ക്കാനുള്ള ട്രായുടെ നീക്കത്തിന് സുപ്രിംകോടതിയുടെ പിന്തുണ; സ്റ്റാര്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളി


ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ ഇഷ്ടമുള്ള ചാനലുകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കാനുള്ള ടെലികോം അതോറിറ്റിയുടെ നീക്കത്തിന് പിന്തുണയുമായി സുപ്രിം കോടതി. ട്രായുടെ  നിര്‍ദ്ദേശങ്ങള്‍ തള്ളണം എന്നാവശ്യപ്പെട്ട് സ്റ്റാര്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും നവിന്‍ സിന്‍ഹയുമടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. 

ട്രായുടെ നിയന്ത്രണങ്ങള്‍ ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്റ്റാര്‍ ഇന്ത്യ സുപ്രിംകോടതിയെ സമീപിച്ചത്. ബൗദ്ധിത സ്വത്തവകാശത്തിന്റെ ചൂഷണമാണ് ട്രായ് നടത്തുന്നത്. ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും മറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും ട്രായിക്ക് അധികാരമില്ലെന്നും സ്റ്റാര്‍ ഇന്ത്യ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്തതിന് മാത്രം പണം നല്‍കാനുമുള്ള സംവിധാനമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. ട്രായുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുന്നതോടെ 100 ചാനലുകള്‍ കാണുന്നതിനായി 130 രൂപ മാത്രം നല്‍കിയാല്‍ മതി. ഇതോടെ കേബിള്‍ കമ്പനികളോ, ഡിടിഎച്ചുകളോ നല്‍കുന്ന ചാനല്‍ പാക്കേജുകള്‍ മുഴുവനും വാങ്ങേണ്ട ആവശ്യം വരില്ല. ഓരോ വിഭാഗത്തിലെ ചാനലിനും പരമാവധി വില ട്രായ് നിശ്ചയിച്ചിട്ടുണ്ട്. 

ട്രായുടെ നിര്‍ദ്ദേശം അനുസരിച്ച് സ്റ്റാര്‍ ഒഴികെ മറ്റെല്ലാ കമ്പനികളും പ്രത്യേക പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. 180 ദിവസമാണ് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച സമയം. സോണി, സീ തുടങ്ങിയ കമ്പനികള്‍ നേരത്തേ സൗജന്യമായി നല്‍കിയിരുന്ന എല്ലാ ചാനലുകളും പേ ചാനലാക്കി മാറ്റിയിട്ടുണ്ട്. 

2016 ഒക്ടോബറിലാണ് പുതിയ നിയന്ത്രണങ്ങളുടെ കരട് ട്രായ് പുറത്തിറക്കിയത്. ഡിടിഎച്ച് കമ്പനികള്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെ നിര്‍ദ്ദേശം നടപ്പിലാകുന്നത് നീളുകയായിരുന്നു. ഡിസംബര്‍ മാസത്തോടെ കുറഞ്ഞ നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ടി വി ചാനലുകള്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com