രാഷ്ട്രീയം മറന്ന് ഒന്നിച്ചു,  ഇന്ധനവിലയിൽ ഏകീകരണത്തിന് ശ്രമവുമായി വടക്കൻ സംസ്ഥാനങ്ങൾ

രാഷ്ട്രീയം മറന്ന് ഒന്നിച്ചു,  ഇന്ധനവിലയിൽ ഏകീകരണത്തിന് ശ്രമവുമായി വടക്കൻ സംസ്ഥാനങ്ങൾ

അഞ്ചു സംസ്​ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ്​ ഇന്ധന വില ഏകീകരിക്കാൻ തീരുമാനിച്ചത്

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധന വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിക്കുമ്പോൾ, വിലയിൽ ഏകീകരണം കൊണ്ടു വരാനുള്ള ശ്രമവുമായി വടക്കൻ സംസ്ഥാനങ്ങൾ. അഞ്ചു സംസ്​ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ്​ ഇന്ധന വില ഏകീകരിക്കാൻ തീരുമാനിച്ചത്​. ഇന്നലെ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോ​ഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 

ഹരിയാന, പഞ്ചാബ്​, ഹിമാചൽ പ്രദേശ്​, ഉത്തർ പ്രദേശ്​, ന്യൂഡൽഹി എന്നീ സംസ്​ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ്​ വില ഏകീകരിക്കാൻ തീരുമാനിച്ചത്. മൂന്നു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഇന്ധന വിലയിൽ ഒന്നിച്ചത്.  ഹരിയാന,ഹിമാചൽ, ഉത്തർപ്രദേശ് എന്നിവ ബിജെപിയും പഞ്ചാബ് കോൺ​ഗ്രസും ഡൽഹി ആം ആദ്മി പാർട്ടിയുമാണ് ഭരിക്കുന്നത്. 

ഹരിയാന ധനമന്ത്രി ക്യാപ്ടൻ അഭിമന്യുവാണ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്ക് മുൻകൈ എടുത്തത്. അഞ്ച് സംസ്ഥാന ധനമന്ത്രിമാർക്ക് പുറമെ, മുതിർന്ന ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു. വില ഏകീകരണത്തെക്കുറിച്ച് പഠിക്കാൻ ഈ സംസ്ഥാനങ്ങളിലെ ഉദ്യോ​ഗസ്ഥർ അടങ്ങിയ സമിതി രൂപീകരിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യോ​ഗം നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം വീണ്ടും യോ​ഗം ചേരാനാണ് തീരുമാനം. 

നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനങ്ങൾക്ക് വിവിധ വാറ്റ് നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ വില കുറവുള്ള സംസ്ഥാനത്ത് ഇന്ധനം നിറയ്ക്കാൻ പോകുന്നത് പതിവായിരിക്കുകയാണ്. ഇത് അതത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രതിരോധിക്കുകയാണ് പ്രധാനമായും ഈ നീക്കത്തിന്  പിന്നിൽ. ഇന്ധന വില ഏകീകരണത്തിന് പുറമെ, മദ്യ വില, വാഹന നികുതി എന്നിവ ഏകീകരിക്കുന്ന കാര്യവും പരി​ഗണനയിലുണ്ടെന്ന് ഹരിയാന ധനമന്ത്രി ക്യാപ്ടൻ അഭിമന്യു സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com