കരാറിന് മുന്നേ ഉന്നത ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ്: സിഎജി പരിശോധിക്കുന്നു; റഫേലില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ്
കരാറിന് മുന്നേ ഉന്നത ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ്: സിഎജി പരിശോധിക്കുന്നു; റഫേലില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ്. 2016ല്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറും പ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ റഫേല്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അടിസ്ഥാന വില സംബന്ധിച്ചാണ് ഉദ്യോഗസ്ഥന്‍ വിയോജിപ്പറിയിച്ചത്. കുറിപ്പ് സിഎജി പരിശോധിച്ച് വരികയാണ്.മിനിസ്റ്റിറി ഓഫ് ഡിഫന്‍സിലെ  ജോയിന്റ് സെക്രട്ടറി ആന്റ് അക്വസിഷന്‍ മാനേജറാണ് ഇദ്ദേഹം. 

2016 സെപ്റ്റംബറിലാണ് റഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടത്. ഇതിന് ഒരുമാസം മുമ്പാണ് ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നത്. 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ കാണിച്ചിരുന്ന അടിസ്ഥാന വിലയിലും കൂടുതലാണ് 36 വിമാനങ്ങള്‍ വാങ്ങുന്നതിന് കാണിച്ചിരിക്കുന്നത്. ഇതില്‍ സംശയം തോന്നിയിട്ടാണ് ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നത്. അടിസ്ഥാന വില സംബന്ധിച്ച് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ടെന്റര്‍ ക്ഷണിച്ചപ്പോള്‍ ജര്‍മ്മന്‍ കമ്പനിയായ യുഎഡിഎസ് നല്‍കാമെന്ന് പറഞ്ഞ 20ശതമാനം കിഴിവ് അനില്‍ അംബാനിയുടെ റിലയിന്‍സ് ഡിഫന്‍സ് നല്‍കുന്നില്ല എന്നും അദ്ദേഹം വിയോജനക്കുറിപ്പില്‍ പറയുന്നു. 

ഇത്രയും കൂടിയ വിലയില്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് പകരം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ കൂടുതല്‍ സുഖോയി വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴുയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിയോജനക്കുറിപ്പിനെ മറികടക്കാന്‍ ഡിഫന്‍സ് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ ഡയറക്ടര്‍ ക്യാബിനറ്റ് നോട്ട് തയ്യാറാക്കി. ആ നോട്ടാണ് ക്യാബിനറ്റ് അംഗീകാരത്തിന് പോയത്. 

വിയോജനക്കുറിപ്പ് എഴുതിയ ഉദ്യോഗസ്ഥന്‍ അടുത്ത സമിതി യോഗം ചേരുന്നതിന് മുമ്പ് ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. ആ സമയത്താണ് വിയോജനക്കുറിപ്പിനെ മറികടന്ന് അനുകൂല കുറിപ്പ് എഴുതിയത്. ഇതിന് ശേഷമാണ് കരാര്‍ ഒപ്പിടാന്‍ സാധിച്ചത്. വിയോജനക്കുറിപ്പ് പഠിച്ച് സിഎജി പാര്‍ലമെന്റിന്റെ വരുന്ന ശൈത്യകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com