കത്തുവ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഹിന്ദി പത്രം; വാര്‍ത്ത ഏറ്റെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍

കത്തുവ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഹിന്ദി പത്രം; വാര്‍ത്ത ഏറ്റെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍
കത്തുവ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഹിന്ദി പത്രം; വാര്‍ത്ത ഏറ്റെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍

ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഹിന്ദി ദിനപത്രം. കത്തുവയിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവുകള്‍ ഉണ്ടെന്നു മാത്രമേ പറയുന്നുള്ളുവെന്നുമാണ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വാര്‍ത്ത. 

കത്തുവയിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ക്കു വേറെയും കാരണങ്ങള്‍ ആവാം എന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍. തുടയിലെ പോറലേറ്റ പാടുകള്‍ വീഴ്ചയില്‍ സംഭവിച്ചതാവാമെന്നും കന്യാചര്‍മ്മത്തിലെ ചതവ് കുതിരയെ ഓടിക്കുന്നതുകൊണ്ടോ നീന്തലിലൂടെയോ സൈക്കിള്‍ ചവിട്ടുന്നതിലൂടെയോ ഉണ്ടാവാം എന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി, ആഗ്ര, അലഹാബാദ്, അമൃത്സര്‍, അലിഗഢ്, കത്തുവ, ജമ്മു തുടങ്ങിയ എഡിഷനുകളിലെല്ലാം പത്രം ഒന്നാം പേജില്‍ മുഖ്യവാര്‍ത്തയായി നല്‍കിയിരിക്കുന്നത് ഇതാണ്. ദൈനിക് ജാഗരണ്‍ ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നു വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകള്‍ ശേഷിക്കെയാണ് അതെല്ലാം ഒഴിവാക്കി ബലാത്സംഗം നടന്നിട്ടില്ലെന്ന് പത്രം വാര്‍ത്ത നല്‍കിയത്.

കത്തുവയില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പത്രവാര്‍ത്ത സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഈ വാര്‍ത്ത പങ്കുവച്ചുകൊണ്ട് പലരും രംഗത്തുവന്നു. കത്തുവയിലെ ബലാത്സംഗത്തിന്റെ പേരില്‍ രാജ്യത്തെ നാണം കെടുത്തിയ ലിബറലുകള്‍ മാപ്പു പറയണമെന്നാണ് ഈ ഗ്രൂപ്പുകളില്‍ ഉയരുന്ന ആവശ്യം. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയവരെല്ലാം നിലപാടു തിരുത്തണമെന്നാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.

അതേസമയം തന്നെ ദൈനിക് ജാഗരണ്‍ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മെഡിക്കല്‍, കുറ്റാന്വേഷണ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി. കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്നു വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് അവര്‍ പറയുന്നു. ഫൊറന്‍സിക് വിദഗ്ധരും കാര്യകാരണ സഹിതം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com