മറാത്ത സംവരണ പ്രക്ഷോഭം: രണ്ടുപേര്‍ ആത്മഹത്യ ചെയ്തു

മറാത്ത സംവരണ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു.
മറാത്ത സംവരണ പ്രക്ഷോഭം: രണ്ടുപേര്‍ ആത്മഹത്യ ചെയ്തു

മുംബൈ: മറാത്ത സംവരണ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. 25കാരനായ അരുണ്‍ ജഗനാഥ്, ബാദ്‌ല, 22കാരനായ പരമേശ്വര്‍ ബാബന്‍ ഗോണ്ട എന്നിവരാണ് ആത്മഹത്യ ചെയ്തത്. മറാത്ത സംവരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബാദ്‌ല ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ടര്‍ബ ഏരിയയിലെ താമസക്കാരനായ ബാദ്‌ല വീട്ടിലെ ബാല്‍ക്കണിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

അപേക്ഷിച്ച ലോണും മറാത്ത സംവരണവും ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബാദ്‌ലയുടെ ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 27000 രൂപയുടെ വ്യക്തിഗത വായ്പ്പക്കായിരുന്നു ബാദ്‌ല അപേക്ഷിച്ചിരുന്നത്. ദാന്‍ഗര്‍ സമുദായത്തിന് സംവരണം നല്‍കാത്തതില്‍ മനംനൊന്താണ് പരമേശ്വര്‍ ബാബന്‍ ഗോണ്ട ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

അതേസമയം, സംവരണ വിഷയത്തില്‍ രൂക്ഷ നിലപാടുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരുന്നു. സംവരണം എന്നാല്‍ അതിനര്‍ത്ഥം ജോലിയല്ലെന്നും സംവരണം ഉള്ളതുകൊണ്ട് ജോലി ലഭിച്ചുകൊള്ളണമെന്നില്ലെന്നുമായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രതികരണം.

ഓരോ സമൂഹത്തിലേയും പിന്നാക്കക്കാരെ അല്ലെങ്കില്‍ ദരിദ്രരെ പരിഗണിക്കണമെന്ന ഒരു ചിന്താഗതി അല്ലെങ്കില്‍ ഒരു നയം ഉണ്ടെന്നും എന്നുകരുതി എല്ലാവര്‍ക്കും ജോലി എന്ന കാര്യം നടപ്പുള്ളതല്ലെന്നുമായിരുന്നു ഗഡ്കരിയുടെ പ്രതികരണം. സംവരണത്തിനായി ദീര്‍ഘനാളായി മറാത്ത വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ഇതേ ആവശ്യമുന്നയിച്ചുകൊണ്ടുള്ള മറ്റു വിഭാഗക്കാരുടെ സമരത്തേയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

'ബീഹാറിലും ഉത്തര്‍പ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ട്. അവരും പറയുന്നു തങ്ങള്‍ പിന്നാക്കവിഭാഗമാണെന്ന്. ദരിദ്രരായ വ്യക്തികള്‍ ദരിദ്രര്‍ തന്നെയാണ്. അവര്‍ക്ക് പ്രത്യേകം ജാതിയുണ്ടാവില്ല, മതമുണ്ടാവില്ല. ഭാഷയുണ്ടാവില്ല.

ഹിന്ദുക്കളായാലും മുസ്‌ലീങ്ങളായാലും മറാത്ത ആയാലും അവരിലും ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാത്ത വിഭാഗങ്ങളുണ്ടാകും. ഓരോ സമൂഹത്തിലേയും പിന്നാക്കക്കാരെ അല്ലെങ്കില്‍ ദരിദ്രരെ പരിഗണിക്കണമെന്ന ഒരു ചിന്താഗതി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പലരും അത് രാഷ്ട്രീയതാത്പര്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്'- ഗഡ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com