നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും അനധികൃത ബം​ഗ്ലാവുകൾ ഇടിച്ചുനിരത്തും

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും അനധികൃതമായി നിർമ്മിച്ച ബം​ഗ്ലാവുകൾ ഇടിച്ചു നിരത്താൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു
നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും അനധികൃത ബം​ഗ്ലാവുകൾ ഇടിച്ചുനിരത്തും

മുംബൈ: വായ്പാ തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ച് രാജ്യം വിട്ട കേസിലെ മുഖ്യപ്രതികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും അനധികൃതമായി നിർമ്മിച്ച ബം​ഗ്ലാവുകൾ ഇടിച്ചു നിരത്താൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. നടപടി വൈകുന്നതിൽ മുംബൈ ഹൈക്കോടതി കടുത്ത അസംതൃപ്‌തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാർ നീക്കം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയായി കോടികൾ തട്ടിയെടുത്ത കേസിലാണ് ഇരുവരും രാജ്യം വിട്ടത്.

നേരത്തെ നീരവ് മോദിയുടെയും ചോക്‌സിയുടെയും ബംഗ്ലാവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുത്തിരുന്നു. പൊളിച്ചു നീക്കാനുള്ള തീരുമാനം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ നടപടികളുമായി മുന്നോട്ടു പോകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തീരദേശ നിയന്ത്രണ മേഖലയിൽ ചട്ടങ്ങൾ ലംഘിച്ചാണ് ഇരുവരും ആഡംബര സൗധങ്ങൾ പണിതത്. നീരവ് മോദിയുടെ ബംഗ്ലാവ് കിഹിം ഗ്രാമത്തിലും ചോക്‌സിയുടേത് അവാസ് ഗ്രാമത്തിലുമാണ് നിൽക്കുന്നത്. ഇതിന് പുറമെ കടൽത്തീര ന​ഗരമായ അലിബ​ഗിൽ ചട്ടങ്ങൾ ലംഘിച്ച് ഇരുവരും 121ഓളം അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നേരത്തെ നീരവ് മോദി ഒളിവിൽ താമസിക്കുന്നതായി ബ്രിട്ടൻ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ വിട്ടുനൽകണമെന്ന് സി.ബി.എെ ബ്രീട്ടീഷ് അധികൃതരോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com