ഇത് അടിയന്തരാവസ്ഥയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന അവസ്ഥ: സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ അരുന്ധതി റോയ്

ഭീമ കോറേഗാവ് ആക്രമണത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹികപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡുകളിലും അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്.
ഇത് അടിയന്തരാവസ്ഥയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന അവസ്ഥ: സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ അരുന്ധതി റോയ്

ന്യൂഡല്‍ഹി: ഭീമ കോറേഗാവ് ആക്രമണത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹികപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡുകളിലും അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു. 

ദലിത് അവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, കവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു. 

ഏറ്റവും ആപത്കരമായ അവസ്ഥയിലാണ് രാജ്യമിപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു. 'ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരുടെയും പട്ടാപ്പകല്‍ ആളുകളെ കൊലപ്പെടുത്തുന്നവരെയും ഇവര്‍ വെറുതെ വിടുകയാണ്. ഇന്ത്യ ഏതു ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി മനസിലാകുന്നുണ്ട്.'- അരുന്ധതി പറഞ്ഞു.

'വരുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണ് ഇതിനു പിന്നില്‍. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും  ഒരുമിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നഷ്ടമാകും'- അവര്‍ കൂട്ടിച്ചേര്‍ത്തു.  

മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് എട്ട് സാമൂഹിക പ്രവര്‍ത്തകരെ ലക്ഷ്യമാക്കി പുണെ പൊലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിലാണു പരിശോധന നടന്നത്. വിപ്ലവ സാഹിത്യകാരനായ പി. വരവര റാവുവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com