ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 22കാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു
ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ബറേലി: ഉത്തരേന്ത്യയില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 22കാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. ഭോലാപൂര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഷാറൂഖ് ഖാന്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ഖാനെന്നും അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നതായി സംശയമുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അഭിനന്ദന്‍ പറഞ്ഞെങ്കിലും വൃക്കയിലും കരളിലുമുള്ള മുറിവുകളാണ് മരണത്തിന് കാണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ദുബായിയില്‍ ജോലി ചെയ്യുന്ന ഖാന്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവദിവസം സുഹൃത്തുക്കളെ കാണാനാണ് ഖാന്‍ വീടുവിട്ടിറങ്ങിയത്. ഖാനും രണ്ടുസുഹൃത്തുക്കളും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 

പശുമോഷണക്കുറ്റത്തിന് ഷാറുഖ് ഖാനും മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തില്‍ കണ്ടാലറിയുന്ന 25പേര്‍ക്കെചതിരെ കേസെടുത്തു. എന്നാല്‍ ഷാറൂഖ് ഖാന്‍ പശുമോഷണം നടത്തിയെന്ന ആരോപണം കുടുംബം തള്ളിക്കളഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com