750 കിലോ ഉള്ളി വിറ്റത് 1064 രൂപയ്ക്ക്, നാല് മാസത്തെ അധ്വാനത്തിന് ലഭിച്ച കൂലി പ്രധാനമന്ത്രിക്ക് അയച്ച് കര്‍ഷകന്റെ പ്രതിഷേധം

ഒരു കിലോയ്ക്ക് ഒരു രൂപയാണ് വാഗ്ദാനം ലഭിച്ചത്. തുടര്‍ന്ന് വിലപേശലിന് ഒടുവില്‍ 40 പൈസ കൂടി കൂട്ടിക്കിട്ടി
750 കിലോ ഉള്ളി വിറ്റത് 1064 രൂപയ്ക്ക്, നാല് മാസത്തെ അധ്വാനത്തിന് ലഭിച്ച കൂലി പ്രധാനമന്ത്രിക്ക് അയച്ച് കര്‍ഷകന്റെ പ്രതിഷേധം


ന്യൂഡല്‍ഹി; ഉള്ളി വില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകന്‍. ഉള്ളി വിറ്റു കിട്ടിയ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാണ് നാസിക് സ്വദേശിയായ സഞ്ജയ് സാഥെ പ്രതിഷേധം രേഖപ്പെടുത്തിയത്. 750 കിലോ ഉള്ളി 1064 രൂപയ്ക്ക് വിറ്റതിന്റെ ദുഃഖത്തിലാണ് കര്‍ഷകന്‍ മാസങ്ങളുടെ അധ്വാനത്തിന് ലഭിച്ച കൂലി മുഴുവനായി പ്രധാനമന്ത്രിയ്ക്ക് അയച്ചത്. 

750 കിലോ ഉള്ളിയുമായാണ് സഞ്ജയ് സാഥെ മാര്‍ക്കറ്റില്‍ നിഫാദിലെ മൊത്തവ്യാപാര ചന്തയില്‍ എത്തിയത്. എന്നാല്‍ തന്റെ അധ്വാനത്തിന് അവരിട്ട കൂലി കേട്ടപ്പോള്‍ സാഥെ പകച്ചുപോയി. ഒരു കിലോയ്ക്ക് ഒരു രൂപയാണ് വാഗ്ദാനം ലഭിച്ചത്. തുടര്‍ന്ന് വിലപേശലിന് ഒടുവില്‍ 40 പൈസ കൂടി കൂട്ടിക്കിട്ടി. 750 കിലോയ്ക്ക് 1.40 എന്ന നിരക്കില്‍ 1064 രൂപയ്ക്കാണ് കൊടുത്തത്. 

നാലുമാസത്തോളം നീണ്ട ഠിനാധ്വാനത്തിനു ഇത്ര തുച്ഛമായ വില ലഭിക്കുന്നതു വേദനാജനകമാണ്. അതുകൊണ്ടാണു പ്രതിഷേധ സൂചകമായി 1,064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. മണിഓര്‍ഡര്‍ അയയ്ക്കുന്നതിന് 54 രൂപ പിന്നെയും ചെലവായി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല. കര്‍ഷകരോടു സര്‍ക്കാര്‍ കൈകൊണ്ട ക്രൂരമായ സമീപനത്തില്‍ കടുത്ത അമര്‍ഷമുണ്ട്' സാഥെ പറഞ്ഞു. 

2010ല്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത കര്‍ഷകരുടെ സംഘത്തിലെ അംഗമായിരുന്നു സാഥെ. കാര്‍ഷിക മേഖലയില്‍ പുരോഗമനപരമായ സമീപനം സ്വീകരിക്കുന്നവരിലൊരാള്‍ എന്ന നിലയിലാണ് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കു സാഥെക്കു ക്ഷണം ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com