ബാബറി മസ്ജിദ് തകർത്തതിന്റെ 26-ാം വാർഷികം ഇന്ന് ; 'ശൗര്യ ദിവസ്' ആഘോഷവുമായി സംഘപരിവാർ;  രാജ്യത്ത് കനത്ത സുരക്ഷ

അയോധ്യയിൽ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്
ബാബറി മസ്ജിദ് തകർത്തതിന്റെ 26-ാം വാർഷികം ഇന്ന് ; 'ശൗര്യ ദിവസ്' ആഘോഷവുമായി സംഘപരിവാർ;  രാജ്യത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി:  ബാബ്റി മസ്ജിദ് തകർത്തതിന്‍റെ 26 -ാം വാർഷികമാണ് ഇന്ന്. മസ്ജിദ് തകർത്തത് ശൗര്യ ദിവസ്  ആയി ആഘോഷിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം നൽകിയപ്പോൾ, കരിദിനമായി മുസ്ലിം സംഘടനകളും ആചരിക്കുകയാണ്. ബാബറി മസ്ജിദ് തകർപ്പെട്ടത്തിന്റെ വാർഷികം പ്രമാണിച്ച് അയോധ്യയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

അയോധ്യയിൽ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാജ്യതലസ്ഥാനമായ ന്യൂഡൽഹി അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ബാബറി മസ്ജിദ് തകർത്തത്  ശൗര്യ ദിവസ് ആയി ആഘോഷിക്കാൻ  വിഎച്ച്പി, ബജ്റംഗ്ദൾ എന്നി സംഘടനകളാണ് ആഹ്വാനം നൽകിയിട്ടുള്ളത്.  പൂജകളും ഹോമങ്ങളും മതപരിപാടികളുമായാണ് ‘ശൗര്യ ദിവസ്’ ആഘോഷിക്കുന്നത്. രാമക്ഷേത്രനിർമാണമെന്ന ആവശ്യവുമായി വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ധർമസഭ’ ഒരാഴ്ച മുൻപാണ് നടന്നത്. ഞായറാഴ്ച ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഡൽഹിയിലും ധർമസഭ നടത്താനിരിക്കുകയാണ്. 

ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ 5000 സന്യാസിമാരെ പങ്കെടുപ്പിച്ച് പ്രയാഗ്‌രാജിൽ ‘ധർമ സംസദ്’ നടത്തും. രാമക്ഷേത്രം, ഗോരക്ഷ, ഗംഗാനദി, സാമൂഹിക സൗഹാർദം എന്നിവയാണ് ഇതിലെ ചർച്ചാവിഷയങ്ങൾ. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കെപ്പെട്ടത്. 1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെയാണ് അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കര്‍സേവകര്‍ പള്ളിയുടെ സമീപത്തേക്ക് പ്രവേശിക്കുന്നത്. 

ബാബറി ദിനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലും പരിശോധനകള്‍ ശക്തമാക്കി. ജാ​ഗ്രത പാലിക്കാൻ ശബരിമലയിലെ സുരക്ഷ ഉദ്യോ​ഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com