ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്കേറ്റം, പിന്നാലെ ഭീഷണിയും; പാർട്ടി വക്താവിനെ സ്റ്റുഡിയോയിൽ പൊലീസ് തടഞ്ഞുവച്ചു 

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി
ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്കേറ്റം, പിന്നാലെ ഭീഷണിയും; പാർട്ടി വക്താവിനെ സ്റ്റുഡിയോയിൽ പൊലീസ് തടഞ്ഞുവച്ചു 

നോയിഡ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിമുഴക്കിയ സമാജ്‌വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബദൗരിയെ പൊലീസ് ചാനല്‍ ഓഫീസിലെത്തി തടഞ്ഞുവച്ചു.  ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ദേശീയ ചാനലിന്റെ ചർച്ചയ്ക്കിടെ അനുരാഗ് ബദൗരിയും ഗൗരവ് ഭാട്ടിയയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് ഭീഷണിയുടെ തലത്തിലേക്ക് കടക്കുകയുമായിരുന്നു. 

തന്റെ നേർക്ക് ബദൗരിയ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഭാട്ടിയ ചർച്ചയക്കിടയിൽ തന്നെ പൊലീസിന് പരാതി നൽകുകയായിരുന്നു. ചർച്ച ചൂടുപിടിച്ചതോടെ ബദൗരിയ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഭാട്ടിയ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. ഉടൻ തന്നെ ചാനൽ ഓഫീസിലെത്തിയ പൊലീസുകാർ ബദൗരിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. 

മൂന്നിലധികം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അതിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു. 

അധികാരദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണമാണ് ബദൗരിയയ്‌ക്കെതിരായ നടപടിയെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും വക്താക്കള്‍ അല്ലെന്നും ഭാട്ടിയ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.  

ബദൗരിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായ‌ും റിപ്പോർട്ടുകളുണ്ട്. പൊലീസുകാര്‍ തൊട്ടടുത്ത സ്റ്റേഷനില്‍ അഭയം തേടേണ്ട അവസ്ഥ വരെയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com