മോദി ഇന്ന് റായ്ബറേലിയിൽ; സോണിയയെ അധിക്ഷേപിച്ചതിന് വൻ പ്രതിഷേധമുയർത്താൻ കോൺഗ്രസ്

മോദി ഇന്ന് റായ്ബറേലിയിൽ; സോണിയയെ അധിക്ഷേപിച്ചതിന് വൻ പ്രതിഷേധമുയർത്താൻ കോൺഗ്രസ്

മോദി സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

ലഖ്‌നൗ: സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. അടുത്തവര്‍ഷം നടക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താൻ അലഹബാദില്‍ എത്തുന്നതിന്റെ ഭാ​ഗമായാണ് റായ് ബറേലിയിലും സന്ദർശനത്തിനെത്തുന്നത്. എന്നാൽ റായ് ബറേലിയിലെത്തുന്ന പ്രധാനമന്ത്രിയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം നടത്താനാണ് മഹിളാ കോണ്‍ഗ്രസ് തീരുമാനം. 

മോദി സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാജസ്ഥാനിൽ നടന്ന റാലിയില്‍ സംസാരിക്കവെ സോണിയക്കെതിരെ മോദി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.  യു.പി.എ സര്‍ക്കാരിന്റെ വിധവാ പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കവെ ആയിരുന്നു വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ് കോട്ടയില്‍ ആദ്യമായി എത്തുന്ന മോദി കോണ്‍ഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് വനിതാ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും വിലയിരുത്തപ്പെടുന്നു. റഫാല്‍ ഇടപാടിലെ പുതിയ കോടതി വിധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - ബി.ജെ.പി നേതാക്കന്മാര്‍ പരസ്പരം ഉയർത്തുന്ന ആരോപണങ്ങളുടെ പശ്ചാതലത്തിലും മോദിയുടെ ഇന്നത്തെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്. കാവല്‍ക്കാരന്‍ കള്ളനാണന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിനുള്ള മറുപടിയും ഇന്ന് മോദി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ നാല് സംസ്ഥാനങ്ങളിൽ നടന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ സ്വാധീനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുപാര്‍ട്ടികളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com