ഡിസംബർ 31 നകം കീഴടങ്ങിയേ മതിയാകൂ ; കൂടുതൽ സമയം ആവശ്യപ്പെട്ട് സജ്ജൻകുമാർ  നൽകിയ ഹർജി ഹൈക്കോടതി തള്ളി

കേസിൽ ശിക്ഷിച്ച സജ്ജന്‍ കുമാർ കീഴടങ്ങാൻ ജനുവരി 30 വരെ സാവകാശം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്
ഡിസംബർ 31 നകം കീഴടങ്ങിയേ മതിയാകൂ ; കൂടുതൽ സമയം ആവശ്യപ്പെട്ട് സജ്ജൻകുമാർ  നൽകിയ ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാർ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് കൂടുതൽ സമയം ചോദിച്ചുകൊണ്ടുള്ള ഹർജി തള്ളിയത്. കോടതി നിർദേശിച്ച ഡിസംബർ 31 നകം തന്നെ കീഴടങ്ങാനും ഹൈക്കോടതി ഉത്തരവിട്ടു. 

കേസിൽ ശിക്ഷിച്ച സജ്ജന്‍ കുമാർ കീഴടങ്ങാൻ ജനുവരി 30 വരെ സാവകാശം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് സിഖ് കൂട്ടക്കൊല കേസിൽ സജ്ജൻകുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

സജ്ജന്‍ കുമാറിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തവിനെതിരെ സിബിഐയും കലാപത്തിന്റെ ഇരകളും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഇന്ദിരാ ഗാന്ധി വധത്തെത്തുടര്‍ന്ന് സിഖ് വിശ്വാസികള്‍ക്കെതിരെ വ്യാപകമായി നടന്ന ആക്രമണങ്ങള്‍ക്കിടെ ഡല്‍ഹി കന്റോണ്‍മെന്റില്‍ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സജ്ജന്‍ കുമാറിനൊപ്പം മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വന്‍ ഖോഖര്‍, റിട്ട. നേവി ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഭാഗ്മാല്‍, ഗിര്‍ധരി ലാല്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 

കേസില്‍ സജ്ജന്‍ കുമാറിനെ വെറുതെ വിട്ടും മറ്റു മൂന്നു പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും 2013 മേയിലാണ് വിചാരണക്കോടതി വിധി പറഞ്ഞത്. കുറ്റക്കാരെന്നു വിധിച്ച ഉത്തരവിനെതിരെ മൂന്നു പേരും ഹൈക്കോടതി സമീപിച്ചിരുന്നു. ഇവരുടെ അപേക്ഷകള്‍ ഹൈക്കോടതി തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com