കോടാലികൊണ്ട് വെട്ടി, വയലിലേക്ക് വലിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചു, വെടിവെച്ചു കൊന്നു; കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊന്നത് ക്രൂരമായി

കൊല്ലപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ സുബോധ് കുമാറിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുന്‍പ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി എന്നാണ് പൊലീസ് പറയുന്നത്
കോടാലികൊണ്ട് വെട്ടി, വയലിലേക്ക് വലിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചു, വെടിവെച്ചു കൊന്നു; കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊന്നത് ക്രൂരമായി

ലഖ്‌നൗ; ഉത്തര്‍പ്രദേശില്‍ ഗോവധത്തിന്റെ പേരിലുണ്ടായിരുന്ന കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ സുബോധ് കുമാറിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുന്‍പ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി എന്നാണ് പൊലീസ് പറയുന്നത്. കല്ല്, വടി, കോടാലി എന്നിവ ഉപയോഗിച്ച് ക്രൂരമായി അക്രമിക്കുകയായിരുന്നു. കൊലപാതകത്തിലെ പ്രധാന പ്രതി പിടിയിലായതിന് പിന്നാലെയാണ് പൊലീസ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. 

പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് തുടര്‍ന്നാണ് സുബോധ് കുമാറും പൊലീസ് സംഘവും ബുലന്ദ്ശഹറില്‍ എത്തുന്നത്. എന്നാല്‍ സുബോധ് കുമാറിനെതിരെ അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ കോടാലി ഉപയോഗിച്ച് ഒരാള്‍ വെട്ടി.  

അക്രമണത്തില്‍ ഉദ്യോഗസ്ഥന്റെ വിരല്‍ മുറിഞ്ഞുപോവുകയും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഇയാളെ അടുത്തുള്ള വയലിലേക്കു വലിച്ചിഴച്ചു. അവിടെവെച്ചാണ് പ്രശാന്ത് നട്ട് എന്ന ടാക്‌സി ഡ്രൈവര്‍ സുബോധിന്റെ തലയ്ക്ക് വെടിവെക്കുന്നത്. 

മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടം വടിയുപയോഗിച്ച് ഇന്‍സ്‌പെക്ടറെ തല്ലിച്ചതച്ചു. സുബോധ് കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റിയെങ്കിലും വാഹനത്തിനു നേരെയും കല്ലേറുണ്ടായി. ഇതേതുടര്‍ന്നു മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നു രക്ഷപ്പെട്ടു. ആള്‍ക്കൂട്ടം വാഹനത്തിനു തീ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തിരികെയെത്തി സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുബോധ് കുമാറിന്റെ ഇടത്തേ പുരികത്തിനു മുകളിലാണു വെടിയേറ്റതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കയ്യിലും കാലിലുമായി നിരവധി പരുക്കുകളും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ പ്രശാന്ത് നട്ട് പൊലീസ് പിടിയില്‍ ആകുന്നത്. സുബോധ് കുമാറിനെ വെടിവച്ചതായി ഇയാള്‍ സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ഇയാളെ കൂടാതെ 26 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ ഒരു സൈനിക ഉദ്യോഗസ്ഥനെയും വെടിവെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുകയും ജനങ്ങളെ ആക്രമണത്തിന് പ്രരിപ്പിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജിനും കലുവ എന്ന ആള്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com