ഇനി സോഷ്യല്‍മീഡിയയിലെ ചിത്രങ്ങളും നിരീക്ഷിക്കും?; നോട്ടീസ് അയച്ച് സിബിഐ 

ഫോട്ടോകള്‍ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സോഷ്യല്‍മീഡിയ സേവനദാാതാക്കള്‍ക്ക് നോട്ടീസ് അയച്ചു
ഇനി സോഷ്യല്‍മീഡിയയിലെ ചിത്രങ്ങളും നിരീക്ഷിക്കും?; നോട്ടീസ് അയച്ച് സിബിഐ 

ന്യൂഡല്‍ഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും നിരീക്ഷണം നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് പിന്നാലെ, സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങള്‍ നിരീക്ഷിക്കാനും അന്വേഷണ ഏജന്‍സി നീക്കം നടത്തുന്നു. ഇതിന്റെ ഭാഗമായി ഫോട്ടോകള്‍ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സോഷ്യല്‍മീഡിയ സേവനദാാതാക്കള്‍ക്ക് നോട്ടീസ് അയച്ചു. സംശയമുളള ചിത്രങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫോട്ടോ ഡിഎന്‍എ എന്ന സോഫ്റ്റ് വെയര്‍ എല്ലാ സേവനദാതാക്കളും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസാണ് സിബിഐ കൈമാറിയത്. പ്രത്യക്ഷത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും നിരീക്ഷിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 91-ാം വകുപ്പ് അനുസരിച്ചാണ് സിബിഐ നിര്‍ദേശം കൈമാറിയിരിക്കുന്നത്. സംശയം തോന്നിയ ചില ചിത്രങ്ങള്‍ സിബിഐ  സോഷ്യല്‍മീഡിയ സേവനദാതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇത് ഫോട്ടോ ഡിഎന്‍എ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെട്ടെന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

നിലവില്‍ സോഷ്യല്‍മീഡിയ സേവനദാതാക്കള്‍ക്ക് ഇത്തരത്തിലുളള നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യമില്ല. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുളള ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ഫോട്ടോ ഡിഎന്‍എ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. എന്നാല്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇതിന്റെ ഡേറ്റാബേസ് മൈക്രോസോഫ്റ്റ് സൂക്ഷിക്കുന്ന പതിവുമില്ല. ഇത് ഉപയോഗിക്കുന്നത് യൂറോപ്പില്‍ വിവാദവിഷയമായിരുന്നു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, പോലുളള സോഷ്യല്‍മീഡിയ സേവനദാതാക്കള്‍ ഈ സോഫ്റ്റ്്‌വെയര്‍ ഉപയോഗിക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്റെ കീഴിലുളള സ്വകാര്യത സംരക്ഷണ ഏജന്‍സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ സോഫ്റ്റ് വെയര്‍ ഇന്ത്യയില്‍ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് സിബിഐ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. സിബിഐയുടെ നിര്‍ദേശം പാലിക്കണമെങ്കില്‍ ഫോട്ടോ ഡിഎന്‍എ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തങ്ങളുടെ ഉപയോക്താക്കളുടെ എല്ലാം ചിത്രങ്ങള്‍ കമ്പനികള്‍ക്ക് നിരീക്ഷിക്കേണ്ടി വരും. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാവുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com