ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല, ആരുടേയും ശത്രുവല്ല: കമല്‍ ഹാസന്‍

By സമകാലികമലയാളം ഡെസ്‌ക്   |   Published: 02nd February 2018 07:43 PM  |  

Last Updated: 02nd February 2018 07:43 PM  |   A+A-   |  

kamalhasanjmbnmn

ചെന്നൈ: താന്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല ആര്‍ക്കും ശത്രുവല്ലെന്ന് കമല്‍ ഹാസന്‍. ആനന്ദവികടന്‍ പ്രസിദ്ധീകരണത്തിലെ തന്റെ പതിവ് കോളത്തിലാണ് കമല്‍ ഹാസന്റെ പ്രതികരണം. ഗാന്ധിയെയും അംബേദ്കറെയും പെറിയാറിനെയും ഞാനെന്റെ ഗുരുക്കളായി സ്വീകരിച്ചിട്ടുണ്ടെന്നും കമല്‍ഹാസന്‍ തന്റെ കോളത്തില്‍ എഴുതി.

'ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാനാരുടെയും ശത്രുവല്ല. ഇസ്ലാം മതത്തെയും ക്രിസുതുമതത്തെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. ഗാന്ധിയെയും അംബേദ്കറെയും പെറിയാറിനെയും ഞാനെന്റെ ഗുരുക്കളായി സ്വീകരിച്ചിട്ടുണ്ട്.ഞാനവരെയെല്ലാവരെയും ഒരുപോലെയാണ് ബഹുമാനിക്കുന്നത്'- കമല്‍ഹാസന്‍ വ്യക്തമാക്കി.

തന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പാര്‍ട്ടിക്ക് രാമേശ്വരത്ത് 21ന് പേര് പ്രഖ്യാപിക്കാനിരിക്കുകയാണ്. 21ന് അവിടെ വെച്ചാണ് നാളെ നമദെ എന്ന പേരിലുള്ള സംസ്ഥാനവ്യാപകമായ രാഷ്ട്രീയ യാത്രയ്ക്ക് കമല്‍ തുടക്കം കുറിക്കുന്നതും. ഈയൊരു പശ്ചാത്തലത്തിലാണ് ഹിന്ദുത്വവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ക്ക്് കമല്‍ഹാസന്‍ വ്യക്തത വരുത്തുന്ന ലേഖനം എഴുതിയിരിക്കുന്നത്.

കമല്‍ ഹാസന്‍ നേരത്തെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവര്‍ക്ക് ഒരിക്കലും ഭൂഷണമല്ല തീവ്രവാദം എന്നായിരുന്നു നവംബറില്‍ അദ്ദേഹം തന്റെ പ്രതിമാസ കോളത്തില്‍ എഴുതിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.