എയര്‍സെല്‍-മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ട് മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 02:15 PM  |  

Last Updated: 08th February 2018 02:22 PM  |   A+A-   |  


ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിബിഐയുടെ രഹസ്യരേഖ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ടാണ് കണ്ടെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതാണ് ഇക്കാര്യം. ജനുവരി 13 നാണ് ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. 


എയര്‍സെല്‍-മാക്‌സിസ് കേസ് അന്വേഷിച്ച സിബിഐ 2013ല്‍ മുദ്രവച്ച കവറില്‍ രഹസ്യറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഒപ്പുവെക്കാത്ത പകര്‍പ്പാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സൂചിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ തെളിവാണിതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

രഹസ്യറിപ്പോര്‍ട്ട് കണ്ടെടുത്ത കാര്യം സിബിഐയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സിബിഐ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചിദംബരത്തിന്റെ വീട്ടിലെങ്ങനെയാണ് റിപ്പോര്‍ട്ട് എത്തിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പങ്ക് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിച്ചുവരികയാണ്. 

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013 ഓഗസ്റ്റ് ഒന്നിനാണ് ജസ്റ്റിസുമാരായ ജി.എസ്.സിംഗ്വി, കെ.രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ട് ചിദംബരത്തിന് മുമ്പേ തന്നെ കിട്ടിയിരുന്നെന്ന ആരോപണം ഏറെ ഗുരുതരമാണ്.