തെരഞ്ഞെടുപ്പ് പത്രികയില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സും വെളിപ്പെടുത്തണം : സുപ്രീംകോടതി

സ്വത്ത് വിവരങ്ങള്‍ മാത്രമല്ല, ഇതിന്റെ ഉറവിടം, വരുമാന സ്രോതസ്സ് തുടങ്ങിയവയും നിര്‍ബന്ധമായും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു
തെരഞ്ഞെടുപ്പ് പത്രികയില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സും വെളിപ്പെടുത്തണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ഇനി മുതല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങളും വ്യക്തമാക്കണം. സ്വത്ത് വിവരങ്ങള്‍ മാത്രമല്ല, ഇതിന്റെ ഉറവിടം, വരുമാന സ്രോതസ്സ് തുടങ്ങിയവയും നിര്‍ബന്ധമായും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവടങ്ങിയ ബെഞ്ചിന്‍രേതാണ് സുപ്രധാന വിധി. 

നിലവില്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതില്‍ മാറ്റം വരുത്തിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ, മക്കള്‍ അടക്കമുള്ള ആശ്രിതരുടെ സ്വത്ത് വിവരങ്ങളും നിര്‍ബന്ധമായും പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിട്ടത്. ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതെവിടെ നിന്ന് കിട്ടി, എന്നത് അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണം. 

എംപിയോ എംഎല്‍എയോ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് പതിന്മടങ്ങായി വര്‍ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന പ്രവണത വര്‍ധിക്കുന്നതായും കോടതി കേസിന്റെ വിചാരണ വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയുടേതിന് പുറമെ, ഭാര്യയുടെയും ആശ്രിതരുടെയും വരുമാനവും സ്വത്തും വെളിപ്പെടുത്തണമെന്ന നിര്‍ദേശത്തോട് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയില്‍ യോജിപ്പ് അറിയിച്ചിരുന്നു. 

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നിരവധി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെ അന്വേഷണം നടക്കുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും ആദായ നികുതി ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നേരിടുന്ന 26 ലോക്‌സഭാംഗങ്ങള്‍, 11 രാജ്യസഭാംഗങ്ങള്‍, 211 എംഎല്‍എമാര്‍ എന്നിവരുടെ പേരുവിവരങ്ങളും ആദായ നികുതി ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com