ജയ ബച്ചന്‍ തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 19th February 2018 10:55 AM  |  

Last Updated: 19th February 2018 10:55 AM  |   A+A-   |  

 

കൊല്‍ക്കത്ത: സമാജ്‌വാദി പാര്‍ട്ടി രാജ്യസഭാംഗം ജയ ബച്ചന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകും. ബംഗാളില്‍ നിന്ന് ഒഴിവുവരുന്ന സീറ്റിലേക്കാണ് ജയ ബച്ചനെ പരിഗണിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ജയ ബച്ചന്റെ പേര് മുന്‍നിരയിലുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. മമത ബാനര്‍ജി അന്തിമ തീരുമാനമെടുത്താല്‍ ഉടനെതന്നെ പ്രഖ്യാപനമുണ്ടാകും. മാര്‍ച്ച് പതിനെട്ടിന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. 

രാജ്യസഭയിലെ ജയ ബച്ചന്റെ മൂന്നാമത്തെ ടേം ഏപ്രില്‍ മൂന്നിന് അവസാനിക്കും. 58 എംപിമാരാണ് ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് ഒഴിയുന്നത്. ഉത്തര്‍പ്രദേശില്‍ പത്തു സീറ്റുകള്‍ ഒഴിവു വരും. അതില്‍ ബിജെപി വിജയിക്കുമെന്നാണ് കരുതുന്നത്. ജയാ ബച്ചന്റെ സീറ്റ് മാത്രമാണ് എസ്പിക്ക് വിജയപ്രതീക്ഷയുള്ള സീറ്റ്. 

ജയാ ബച്ചന്റെ ബംഗാളി പാരമ്പര്യവും ബാഗാളുകാര്‍ക്കിടയില്‍ അവര്‍ക്കുള്ള സ്വീകാര്യതയുമാണ് ജയക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. 

ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് പല സന്ദര്‍ഭങ്ങളിലും ജയ ബച്ചന്‍ രാജ്യസഭയില്‍ രംഗത്ത് വന്നിരുന്നു. ഇതും മമത ബാനര്‍ജിക്ക് ജയയോടുള്ള അടുപ്പം കൂട്ടുന്നതിന് കാരണമായി. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല.