നോട്ടുനിരോധന രാത്രി നീരവ് വെളുപ്പിച്ചത് 90 കോടി രൂപയുടെ കളളപ്പണം 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th February 2018 08:36 AM  |  

Last Updated: 20th February 2018 08:36 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ വജ്രവ്യാപാരി  നീരവ് മോദി നോട്ടുനിരോധനവേളയില്‍ ഒറ്റദിവസം കൊണ്ട് 90 കോടിയുടെ കളളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് , തന്റെ പ്രമുഖ ഉപഭോക്താക്കളുടെ കളളപ്പണം വെളുപ്പിക്കാന്‍ നീരവ് തിരിമറി നടത്തിയത്.

ഒറ്റദിവസം 5200പേരില്‍ നിന്നുളള കളളപ്പണത്തിന് പകരം ആഭരണങ്ങള്‍ വിറ്റാണ് തട്ടിപ്പിന് കൂട്ടുനിന്നത്. കച്ചവടം മുന്‍പുളള തീയതികളില്‍ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 

അതേസമയം നീരവ്, ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുളള 22 കോടി രൂപ മൂല്യമുളള വസ്തുക്കള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മറ്റു 12 വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുളള നടപടി ആരംഭിച്ചു.