നോട്ട് നിരോധനവും ജിഎസ്ടിയും ബിസിനസ് നഷ്ടത്തിലാക്കി; കടംകയറിയ ബിസിനസുകാരന്‍ ബിജെപി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോദ് ഉനിവാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് 44 കാരനായ പ്രകാശ് പാണ്ഡ്യ ആത്മഹത്യാശ്രമം നടത്തിയത്
നോട്ട് നിരോധനവും ജിഎസ്ടിയും ബിസിനസ് നഷ്ടത്തിലാക്കി; കടംകയറിയ ബിസിനസുകാരന്‍ ബിജെപി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഡെറാഡൂണ്‍: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ബിസിനസ് നഷ്ടത്തിലാക്കിയതിന്റെ വിഷമത്തില്‍ ബിസിനസ്സുകാരന്‍ ബിജെപി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോദ് ഉനിവാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് 44 കാരനായ പ്രകാശ് പാണ്ഡ്യ ആത്മഹത്യാശ്രമം നടത്തിയത്. നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്നതോടെ തന്റെ കടം കൂടിയെന്ന് പറഞ്ഞാണ് പാണ്ഡ്യ വിഷം കഴിച്ച് അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ പാണ്ഡ്യയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാത്‌ഗോഡയിലെ നയി സ്വദേശിയായ അദ്ദേഹത്തിന്റെ ബിസിനസ് ചരക്ക് ഗതാഗതമായിരുന്നു. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ആദ്ദേഹത്തിന്റെ നടുവൊടിച്ചു. കടം വര്‍ധിച്ചതോടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി, ധനകാര്യമന്ത്രി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയെന്നും എന്നാല്‍ ഒരു സഹായവും ലഭിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പാണ്ഡെ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. 

കോണ്‍ഗ്രസ് ഗവണ്‍മെന്റ് ബിജെപിയേക്കാള്‍ വളരെ നല്ലതായിരുന്നെന്നും. ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ കാരണം താന്നെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതമായ പലിശ കാരണം ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെന്ന് ബിജെപി ഓഫീസിലെത്തി പാണ്ഡെ പറഞ്ഞിരുന്നു. കുഴഞ്ഞു വീണ ഇയാളെ മന്ത്രിയുടെ കാറിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പാണ്ഡെ അപകട നില തരണം ചെയ്‌തോയെന്ന് വ്യക്തമാക്കാന്‍ ഡോക്റ്റര്‍മാര്‍ തയാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com