ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ഹിന്ദു പ്രാര്‍ത്ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം സ്ഥാപനങ്ങളില്‍ കണ്ണടച്ച്, കൈകൂപ്പിയുള്ള പ്രാര്‍ഥന നിര്‍ബന്ധമാക്കിയതിനെതിരെ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമുള്ള 1100 കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും നടത്തുന്ന പ്രാര്‍ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിനായക് ഷാ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായുള്ള ബഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമായ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രാര്‍ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് ഭരണഘടനയുടെ 92-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും രാവിലെ നടക്കുന്ന അസംബ്ലിയിലും പൊതു പ്രാര്‍ഥനയിലും പങ്കെടുക്കണമെന്നാണ് നിയമം. കുട്ടികള്‍ കൈകൂപ്പി,കണ്ണടച്ച് പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട് എന്ന് അധ്യാപകര്‍ ഉറപ്പു വരുത്തും. ഏതെങ്കിലും വിദ്യാര്‍ത്ഥി ഇത് ലംഘിച്ചാല്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് ശിക്ഷിക്കപ്പെടും. സ്വന്തം മതവും വിശ്വാസവും പിന്‍തുടരാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രാര്‍ഥനയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ