പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര; പ്രതിസന്ധി രൂക്ഷം, മലക്കംമറിഞ്ഞ് എജി 

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര
പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര; പ്രതിസന്ധി രൂക്ഷം, മലക്കംമറിഞ്ഞ് എജി 

ന്യൂഡല്‍ഹി:  സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര. രണ്ടു ദിവസത്തെ അവധിക്ക് ശേഷം കോടതി ചേര്‍ന്ന തിങ്കളാഴ്ച രാവിലെ പതിവ് ചായസല്‍ക്കാരത്തിനിടയിലാണ്‌ ജസ്റ്റിസ് മിശ്ര പ്രതികരിച്ചത്. ഈ യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി എന്ന അവകാശവാദമാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഉന്നയിച്ചത്. ഇതില്‍ നിന്നും വ്യത്യസ്തമായ സംഭവവികാസങ്ങളാണ് സുപ്രീംകോടതിയില്‍ അരങ്ങേറിയത്. ജഡ്ജിമാര്‍ തമ്മിലുളള തര്‍ക്കം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് അരുണ്‍ മിശ്രയുടെ വികാരപ്രകടനം. ഇതിനിടെ ജഡ്ജിമാര്‍ തമ്മിലുളള തര്‍ക്കം പരിഹരിച്ചിട്ടില്ലെന്ന് പറഞ്ഞ്് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മലക്കം മറിഞ്ഞു. വരുംദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 


നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അകാരണമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് അരുണ്‍ മിശ്ര പ്രതിഷേധം രേഖപ്പെടുത്തിയത്.ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രസ്താവന ജൂനിയര്‍ ജ്ഡ്ജിമാര്‍ കഴിവുക്കെട്ടവര്‍ എന്ന പ്രതീതി ജനിപ്പിച്ചു. തന്റെ കഴിവും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടു. ജെ എസ് കേഖാറും ടി എസ് താക്കൂറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന കാലത്തും ഗൗരവപ്പെട്ട കേസുകള്‍ തന്റെ പരിഗണനയ്ക്ക് വിട്ടിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആത്മാര്‍ത്ഥയോടെയും കഠിനാധ്വാനം ചെയ്തുമാണ് താന്‍ മുന്നോട്ടുപോയിരുന്നതെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇതിനിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറും രംഗത്തുവന്നു.

ഇതിനിടെയാണ് പ്രശ്‌നം പരിഹരിച്ചുവെന്ന അവകാശവാദം ഉന്നയിച്ച അറ്റോര്‍ണി ജനറല്‍ നിലപാടുതിരുത്തി രംഗത്തുവന്നത്. 
മാധ്യമറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com