ഹിന്ദു തീര്‍ത്ഥാടനത്തിന് നല്‍കുന്ന സബ്‌സിഡി അവസാനിപ്പിക്കാന്‍ ധൈര്യമുണ്ടോ?; മോദിയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി

ഹജ് സബ്‌സിഡി മുസ് ലിം പ്രീണനമാണെന്ന് പറയുന്ന മോദിയും ആര്‍എസ്എസും കുഭമേളയെപ്പറ്റി എന്ത് പറയും?
ഹിന്ദു തീര്‍ത്ഥാടനത്തിന് നല്‍കുന്ന സബ്‌സിഡി അവസാനിപ്പിക്കാന്‍ ധൈര്യമുണ്ടോ?; മോദിയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി

ഹൈദ്രാബാദ്: ഹജ് സബ്‌സിഡി അവസാനിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നല്‍കി വരുന്ന എല്ലാ സബ്‌സിഡികളും അവസാനിപ്പിക്കാന്‍ മോദിയെ ഒവൈസി വെല്ലുവിളിച്ചു. ഹജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ ഇരട്ട നിലപാടുകളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒവൈസി പറഞ്ഞു. 2006 മുതല്‍ ഹജ് സബ്‌സിഡി അവസാനിപ്പിക്കണമെന്നും ആ പണം മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിന് ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്ന നേതാവാണ് ഒവൈസി. 

200 കോടിയോളമാണ് ഹജ് സബ്‌സിഡിക്ക് ചെലവാകുന്നത്. ഇത് മുസ്‌ലിം പ്രീണനാമാണ് എന്നാണ് ബിജെപി പറയുന്നത്. ഹജ് സബ്‌സിഡി മുസ് ലിം പ്രീണനമാണെന്ന് പറയുന്ന മോദിയും ആര്‍എസ്എസും കുഭമേളയെപ്പറ്റി എന്ത് പറയും? 2014ല്‍ കുംഭമേള നടന്നപ്പോള്‍ 1,150കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്, ഒവൈസി പറയുന്നു. 

ഹജ് ഹൗസിന് പോലും കാവി ചായം തേയ്ക്കുന്ന ആദിത്യനാഥ് സര്‍ക്കാരിന് അയോധ്യ തീര്‍ത്ഥാടനത്തിന് ചിലവാക്കുന്ന 800 കോടി നിര്‍ത്തലാക്കാന്‍ സാധിക്കുമോ? എല്ലാ മാനസ സരോവര്‍ യാത്രയ്ക്കും 1.5ലക്ഷം നല്‍കുന്നത് അവസാനിപ്പിക്കാന്‍ പറ്റുമോ? ഒവൈസി ചോദിക്കുന്നു. രാജസ്ഥാനിലേയും മധ്യപ്രദേശിലെയും ഹിന്ദു തീര്‍ഥാടനങ്ങള്‍ക്ക് പണം നല്‍കുന്നതിനെക്കുറിച്ചും ഒവൈസി സൂചിപ്പിച്ചു. 

ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ച സൗധയ്ക്ക് ഹരിയാന സര്‍ക്കാര്‍ ഒരുകോടി നല്‍കിയെന്നും ഒവൈസി പറഞ്ഞു. ബിജെപിയെ കടന്നാക്രമിച്ച ഒവൈസി, കോണ്‍ഗ്രസിനേയും വെറുതേവിട്ടില്ല. കര്‍ണാടകയില്‍ ചാര്‍ ധാം യാത്രയ്ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ 20,000 രൂപ സബസിഡി പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com