പദ്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ  വിവാദ ചിത്രം പദ്മാവത് പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം.
പദ്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: സഞ്ജയ് ലീല ബന്‍സാലിയുടെ  വിവാദ ചിത്രം പദ്മാവത്  പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

അതിനിടെ, പദ്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്നും കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിങ് റാണാവത് തൃശൂരില്‍ പറഞ്ഞു.

രജപുത്ര രാജ്ഞി റാണി പദ്മിനിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും കഥ പറയുന്ന ചിത്രം രജപുത്ര വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നതാണ് എന്നാരോപിച്ച് കര്‍ണിസേനയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും പ്രക്ഷോഭത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ചിത്രത്തിന്റെ റിലീസിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. എന്നാല്‍ കേരളത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല. കേരളത്തിലും ചിത്രം തടയും എന്ന് ഭീഷണിപ്പെടുത്തിയാണ് കര്‍ണിസേന ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com