വിസ വ്യവസ്ഥ തെറ്റിച്ച് ഡല്‍ഹിയില്‍ പത്രസമ്മേളനത്തിനെത്തി; ബ്രിട്ടീഷ് എംപിയെ വന്നവഴിക്ക് തിരിച്ചയച്ച് ഇന്ത്യ  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th July 2018 09:16 PM  |  

Last Updated: 12th July 2018 09:16 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വിസയിലെ വ്യവസ്ഥ തെറ്റിച്ച് വന്ന ബ്രിട്ടീഷ് എംപിയെ ഇന്ത്യ ഉടനടി തിരിച്ചയച്ചു. ബുധനാഴ്ച രാത്രി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗം ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലൈലിനെയാണ് ഇന്ത്യ മടക്കിയയച്ചത്. 

ബംഗ്ലാദേശില്‍  തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണ് ഇദ്ദേഹം. ഖാലിദ സിയക്കും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും നേരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താനാണ് ഇദ്ദേഹം എത്തിയത്. 

ഇദ്ദേഹം അപേക്ഷിച്ചിരുന്ന വിസയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യയില്‍ പത്രസമ്മേളനം നടത്താന്‍ അനുമതിയില്ലാത്തതുകൊണ്ടാണ് തിരിച്ചയച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ധാക്കയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താന്‍ ീതീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കാണാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി.