ശശി തരൂരിന് സമനില തെറ്റി, പാക്കിസ്ഥാനിലേക്ക് വിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th July 2018 04:44 PM  |  

Last Updated: 12th July 2018 04:44 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂരിന് സമനില നഷ്ടമായെന്നും, തീര്‍ച്ചയായും അയാളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നും സ്വാമി പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് ഒരിക്കലും സേച്ഛാധിപതിയാകാന്‍ കഴിയില്ല. മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തരൂരിന്റെ ഹിന്ദുപാക്കിസ്ഥാന്‍ എന്ന പ്രയോഗത്തോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിക്കണമെന്നും സ്വാമി പറഞ്ഞു.

തരൂരിന്റെ പ്രതികരണം തന്നില്‍ ഉണ്ടാക്കിയത് അത്ഭുതമാണ്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുസ്തകം എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദുവായി എന്നതാണ്‌. ഈ വിഷയത്തില്‍ അദ്ദേഹം വലിയ വിശദീകരണം തന്നെ നടത്തുന്നുണ്ട്. ഹിന്ദുപാക്കിസ്ഥാന്‍ എന്ന പ്രസ്താവനയിലൂടെ ഹിന്ദുക്കളെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത് പാക്കിസ്ഥാനുമായി നല്ലബന്ധമാണ് ശശി തരൂരിന് ഉണ്ടായിരുന്നതെന്നും അതിന്റെ ഉദാഹരണമാണ് മെഹാര്‍ തെറാറുമായുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജയിച്ചാല്‍ അവര്‍ ഭരണഘടന തന്നെ പൊളിച്ചെഴുതും.ബിജെപി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യ നിലനില്‍ക്കുന്നതിനാവശ്യമായ കാര്യങ്ങളില്‍ ഒന്നടങ്കം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും നമുക്കു നേടിത്തന്ന സ്വാതന്ത്ര്യമാകില്ല ബിജെപി സമ്മാനിക്കുകയെന്നും തരൂര്‍ പറഞ്ഞു