സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് രാജ്യത്തെ സര്‍വൈലന്‍സ് സ്‌റ്റേറ്റാക്കും; കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 03:24 PM  |  

Last Updated: 13th July 2018 03:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള 'സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബുകള്‍' സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ശക്തമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്രനീക്കത്തിന് എതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയിരിക്കുന്നത്. 

വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ 'ഭരണകൂട നിരീക്ഷണ'മുള്ള (ടൗൃ്‌ലശഹഹമിരല ടമേലേ) രാജ്യമാക്കിത്തീര്‍ക്കുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ചൂണ്ടിക്കാട്ടിയത്. 

വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ല്‍ ഉണ്ടായ കോടതി ഉത്തരവ്, സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന വിഷയങ്ങള്‍ വിശദമായി പഠിക്കാമെന്നും കോടതി വ്യക്തമാക്കി. 

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹ്വ മോയിത്രയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.