ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ ഉള്‍പ്പെടെ നാലു പേര്‍ രാജ്യസഭയിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 02:05 PM  |  

Last Updated: 14th July 2018 02:05 PM  |   A+A-   |  

rajya-sabha

 

ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ ഉള്‍പ്പെടെ നാലു പേരെ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്തു. മുന്‍ എംപി രാം ശകല്‍, ക്ലാസിക്കല്‍ നര്‍ത്തകി സൊനാല്‍ മാന്‍സിങ്, ശില്‍പ്പി രഘുനാഥ് മഹാപത്ര എന്നിവരാണ് രാകേഷ് സിന്‍ഹയ്ക്കു പുറമേ നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍.

ഉത്തര്‍പ്രദേശില്‍നിന്നുള്ള കര്‍ഷക നേതാവാണ്, ദലിത് വിഭാഗക്കാരനായ രാം ശകല്‍. ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച നേതാവാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുപിയിലെ റോബര്‍ട്ട്ഗന്‍ജ് മണ്ഡലത്തില്‍നിന്നു മൂന്നു തവണ ലോക്‌സഭാംഗമായ ആളാണ് രാം ശകല്‍.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ സ്ഥാപകനാണ്, ആര്‍എസ്എസ് സൈദ്ധാന്തികനായ രാകേഷ് സിന്‍ഹ. മോട്ടിലാല്‍ നെഹ്‌റു കോളജിലെ പ്രൊഫസറായ അദ്ദേഹം ഐസിഎസ്എസ്ആര്‍ അംഗം കൂടിയാണ്.

ശില്‍പ്പി രഘുനാഥ് മാഹപത്ര രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ കലാകാരനാണ്. ജഗന്നാഥ് ക്ഷേത്രത്തിലെ നീവകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 

ആറു പതിറ്റാണ്ടായി കലാരംഗത്തു പ്രവര്‍ത്തിക്കുന്ന സൊനാല്‍ മാന്‍സിങ് ഭരതനാട്യം, ഒഡിസി നര്‍ത്തകിയാണ്.