എന്‍ജിനീയറിങിന്റെ സാധ്യത മങ്ങിയോ?; 58 ശതമാനം വിദ്യാര്‍ത്ഥികളും ക്യാമ്പസ് പ്ലെയിസ്‌മെന്റില്‍ നിന്നും പുറത്ത് 

ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രാജ്യത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ 58 ശതമാനം പേര്‍ക്കും ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്
എന്‍ജിനീയറിങിന്റെ സാധ്യത മങ്ങിയോ?; 58 ശതമാനം വിദ്യാര്‍ത്ഥികളും ക്യാമ്പസ് പ്ലെയിസ്‌മെന്റില്‍ നിന്നും പുറത്ത് 

ന്യൂഡല്‍ഹി: എന്റെ മക്കളെ എന്‍ജിനീയറിങിന് പഠിപ്പിക്കണം. ഒരു കാലത്ത് കേരളത്തില്‍ മുഴങ്ങിക്കേട്ടിരുന്ന വാചകമായിരുന്നു ഇത്. ഇന്ന് ഈ വാചകത്തിന് പഴയ പ്രസക്തിയുണ്ടോയെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല. വസ്തുതകള്‍ പറയുന്നത് ഇതാണ്.

എന്‍ജിനീയറിങ് പാസ്സായാല്‍ ഉടന്‍ ജോലി എന്ന പഴയ പല്ലവിയ്ക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രാജ്യത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ 58 ശതമാനം പേര്‍ക്കും ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017-18 അധ്യയന വര്‍ഷത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി കിട്ടിയവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി എന്നതാണ് ആശ്വാസം. എന്നാല്‍ വസ്തുതകള്‍ ഇഴകീറി പരിശോധിച്ചാല്‍ ഈ ആശ്വാസത്തിന് അധികം ആയുസ്സില്ല എന്ന് മനസിലാകും. കൂടുതല്‍ കമ്പനികള്‍ ക്യാമ്പസ് ഇന്റര്‍ വ്യൂവില്‍ പങ്കെടുത്തതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമേ നിരവധി എന്‍ജിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടിയതും, എന്‍ജിനീയറിങ് പഠനം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവും ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പ്രതിഫലിച്ചുവെന്നും സാരം.


2013-14 അധ്യയനവര്‍ഷത്തില്‍ 9,44,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ ജോലി ലഭിച്ചത്. ഇത് 2017-18 വര്‍ഷമായപ്പോള്‍ 7,50,000 ആയി താഴ്ന്നു. രാജ്യത്ത് 3225 എന്‍ജിനീയറിങ് കോളേജുകളാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 നെ അപേക്ഷിച്ച് 175 കോളേജുകളാണ് ഇക്കാലയളവില്‍ അടച്ചുപൂട്ടിയത്. പുതിയ സാഹചര്യത്തില്‍ എന്‍ജിനീയറിങ് കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുന്ന നടപടി നിരോധിക്കാനും വിവിധ സംസ്ഥാനങ്ങള്‍ എഐസിടിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ജിനീയറിങ് മേഖലയുടെ ആകര്‍ഷണം നഷ്ടപ്പെട്ടതാണ് ഇതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com