ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ ? ബിജെപി ഭരണത്തില്‍ നേട്ടം കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രം ; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 02:15 PM  |  

Last Updated: 20th July 2018 02:36 PM  |   A+A-   |  

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെയും കര്‍ഷകരെയും വഞ്ചിച്ചെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍ നാലായിരം പേര്‍ക്കെങ്കിലും ജോലി നല്‍കിയോ എന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തെ യുവാക്കളെ പൊള്ളയായ വാഗ്ദാനം നല്‍കി പ്രധാനമന്ത്രി വഞ്ചിക്കുകയായിരുന്നു. 

ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെയെന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകരെയും പ്രധാനമന്ത്രി പറ്റിച്ചു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയില്ല. അര്‍ധ രാത്രി നോട്ട് നിരോധിച്ചതിലൂടെ സാധാരണക്കാരുടെയും വ്യാപാരികളുടെയും പോക്കറ്റ് അടിക്കുകയാണ് ചെയ്തത്. നോട്ടു നിരോധനം മൂലം ഏറ്റവും വലഞ്ഞത് പാവപ്പെട്ടവരും വ്യാപാരികളുമാണ്. സാധാരണക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന പൈസ സര്‍ക്കാര്‍ പിടിച്ചുപറിച്ചു. 

മോദി സര്‍ക്കാരിന്റെ ഗുണം കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കണ്ണടച്ചു. ചൈനയ്‌ക്കെതിരെ ദോക്ലാമില്‍ സൈനികര്‍ യുദ്ധം ചെയ്യുമ്പോള്‍, മോദിക്ക് അതിനാകുന്നില്ല. ദോക്ലാമില്‍ ചൈന ഇന്ത്യയെ ചതിച്ചു. രാജ്യസുരക്ഷയിലും മോദി വിട്ടുവീഴ്ച ചെയ്തു. നരേന്ദ്ര മോദിക്ക് ചൈനയുടെ താല്‍പ്പര്യമാണ് പ്രധാനം. മോദി ചൈനയില്‍ പോയതെന്തിനെന്നും രാഹുല്‍ ചോദിച്ചു. കള്ളത്തരമുള്ളതു കൊണ്ടാണ് മോദി മുഖത്ത് നോക്കി സംസാരിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടികളാണ് ബിജെപി ചെലവഴിക്കുന്നത്. ഇത് റാഫേല്‍ പ്രതിരോധ ഇടപാടിലെ പണമാണ്. റാഫേല്‍ ഇടപാടില്‍ ആര്‍ക്കാണ് ഗുണമുണ്ടായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ സുഹൃത്തിന് 45,000 കോടിയുടെ ഗുണമുണ്ടായിയെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തുണ്ടാകുന്ന വര്‍ഗീയ കലാപങ്ങളില്‍ മോദി നിശബ്ദത പാലിക്കുന്നു. ചില വിഭാഗങ്ങള്‍ മാത്രം ഇരയാക്കപ്പെടുകയാണ്. ദളിത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമായാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ബിജെപി ബഹളം വെച്ച് തടസ്സപ്പെടുത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം ഉന്നയിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജയ്ഷായ്‌ക്കെതിരായ പരാമര്‍ശം നീക്കിയതായി സ്പീക്കര്‍ അറിയിച്ചു.