ലാത്തിച്ചാര്‍ജിനിടെ പൊലീസ് വിദ്യാര്‍ത്ഥിയെ റോഡിലേക്ക് തള്ളിയിട്ടു: വിദ്യാര്‍ത്ഥിക്ക് മേല്‍ ട്രക്ക് കയറിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 08:04 AM  |  

Last Updated: 20th July 2018 08:04 AM  |   A+A-   |  

manippurfd

 

ഗുവാഹത്തി: മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി നേതാവിന്റെ ദേഹത്ത് ട്രക്ക് കയറി ഇറങ്ങി. പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊലീസ് വിദ്യാര്‍ത്ഥിയെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം അതിലൂടെ പോയ ട്രക്കാണ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. 

മണിപ്പൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ആധ്യപ്രസാദ് പാണ്ഡെയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. സര്‍വ്വകലാശാലയിലെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ താന്‍ വിസി സ്ഥാനം രാജി വെക്കില്ലെന്ന് പാണ്ഡെ അറിയിച്ചു.

തിങ്കളാഴ്ച്ച മണിപ്പൂര്‍ ഗവര്‍ണറുടെ വസതിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിനിടക്കായിരുന്നു വിദ്യാര്‍ത്ഥിയെ പൊലീസ് തള്ളിയിട്ടത്. ഇദ്ദേഹത്തിന്റെ ഇടത് തോളിലൂടെയാണ് ട്രക്ക് കയറിയിറങ്ങിയത്. തുടര്‍ന്ന് തോളെല്ലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ രാജ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ പുരുക്കേറ്റയാളെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ലാത്തിച്ചാര്‍ജില്‍ വേറെയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.