സഹോദരനെ കൊന്നതിന് പ്രതികാരം ; സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലക്കി ഏഴാം ക്ലാസ്സുകാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 12:42 PM  |  

Last Updated: 20th July 2018 12:42 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

​ഗോരഖ്പൂർ : സഹോദരനെ കൊന്നതിന് പ്രതികാരം വീട്ടാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ  വിഷം കലക്കി ഏഴാം ക്ലാസ്സുകാരി. ഉച്ചഭക്ഷണത്തിൽ വിഷം കലക്കി സ്കൂളിലെ മുഴുവൻ കുട്ടികളെയും കൊല്ലാനായിരുന്നു വിദ്യാർത്ഥിനിയുടെ ഉദ്ദേശ്യം. ദൗറിയ ജില്ലയിലെ ബൗലിയ ​ഗ്രാമത്തിലാണ് സംഭവം. 

ഇതേ സ്കൂളിൽ  പഠിച്ചിരുന്ന പെൺകുട്ടിയുടെ സഹോദരൻ ഏപ്രിൽ രണ്ടിന് കൊല്ലപ്പെട്ടിരുന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദിയായ ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇപ്പോൾ ജുവനൈൽ ഹോമിലാണ്. ഇതിന് പ്രതികാരമായാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിൽ കുട്ടി വിഷം കലക്കിയത്. 

സ്കൂളിലെ പാചകക്കാരി, പെൺകുട്ടി അടുക്കളയിലേക്ക് പോകുന്നത് കണ്ടതാണ് വൻ അത്യാഹിതത്തിൽ നിന്നും രക്ഷിച്ചത്. കുട്ടിയുടെ കയ്യിൽ നിന്നും പ്രത്യേക മണം വരുന്നത് ശ്രദ്ധിച്ച അവർ, പാചകം ചെയ്തുകൊണ്ടിരുന്ന ദാൽ കറിയിൽ എന്തോ വെളുത്ത നിറത്തിൽ പതഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ചു. തുടർന്ന് മറ്റൊരു പാചകക്കാരിയുടെ സഹായത്തോടെ, കുട്ടിയെ അടുക്കളയിൽ പൂട്ടിയിട്ട്, പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ പെൺകുട്ടിയുടെ അമ്മയെ മർദിച്ചു. പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.